ദുബായ്: ദുബായ് മെട്രോ റെഡ് ലൈനിലെ ജബൽ അലി മെട്രോ സ്റ്റേഷനെ ‘നാഷണൽ പെയിൻറ്സ് മെട്രോ സ്റ്റേഷൻ’ ആയി പുനർനാമകരണം ചെയ്തതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
2025 ജൂലൈ മുതൽ ഒക്ടോബർ അവസാനം വരെയുള്ള കാലയളവിനുള്ളിൽ മെട്രോ സ്റ്റേഷനുകളിലുടനീളം അകത്തും പുറത്തുമുള്ള ദിശാ സൂചനകൾ പരിഷ്കരിക്കുമെന്നും ആർടിഎ അധികൃതർ അറിയിച്ചു. ആർടിഎയുടെ സ്മാർട് ഡിജിറ്റൽ സംവിധാനങ്ങൾ, പൊതുഗതാഗത ആപ്ലിക്കേഷനുകൾ, ഓൺബോർഡ് ഓഡിയോ അറിയിപ്പുകൾ എന്നിവയിലും പുതിയ പേര് പ്രതിഫലിക്കും.
അടുത്ത 10 വർഷത്തേക്കാണ് ഈ അവകാശം നൽകിയിരിക്കുന്നതെന്ന് ആർടിഎ റെയിൽ ഏജൻസി സിഇഒ അബ്ദുൽ മുഹ്സിൻ കൽബത്ത് പറഞ്ഞു. മെട്രോ സ്റ്റേഷൻ നാമകരണ അവകാശ സംരംഭത്തിൽ പങ്കുചേരാനാകുന്നതിൽ സന്തോഷമുണ്ടെന്നും, ബിസിനസ് മേഖലയിൽ തങ്ങൾ നേടിയ ശ്രദ്ധേയ വിജയത്തെ ഇത് അടയാളപ്പെടുത്തുന്നുവെന്നും നാഷണൽ പെയിൻറ്സ് മാനേജിങ് ഡയറക്ടറും പാർട്ണറുമായ സമീർ സയേഗ് അഭിപ്രായപ്പെട്ടു.
1969 ൽ ജോർദാനിലെ അമ്മാനിൽ പ്രവർത്തനം തുടങ്ങിയ നാഷണൽ പെയിൻറ്സ് 1977 മുതൽ ഷാർജയിൽ പ്രവർത്തിച്ചു വരുന്നു. ഒരു കമ്പനി എന്ന നിലയിൽ, നാഷണൽ പെയിൻറ്സ് യുഎഇയുടെ സാമ്പത്തിക വികസനത്തിലെ നിർണായക സ്ഥാപനമാണ്.
+ There are no comments
Add yours