എൻഎംസി ഗ്രൂപ്പിന്‍റെ സ്ഥാപകനും മുൻ പ്രവാസി വ്യവസായിയും ശതകോടീശ്വരനുമായിരുന്ന ബിആർ ഷെട്ടിക്ക് കോടികൾ പിഴയിട്ട് ദുബായ് കോടതി. സത്യപ്രതിജ്ഞാ ലംഘനം നടത്തിയതിനെ തുടർന്ന് ഏകദേശം 46 മില്യൺ ഡോളർ (408 കോടി ഇന്ത്യൻ രൂപ) പിഴയായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് അടയ്ക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്.
എൻഎംസി ഹെൽത്ത് കെയർ ഗ്രൂപ്പിന്റെ സ്ഥാപകനാണ് 83കാരനായ ബിആർ ഷെട്ടി. 2018 ഡിസംബറിൽ എൻഎംസി ഹെൽത്ത് കെയറിനായി അനുവദിച്ച 50 മില്യൺ ഡോളർ വായ്പയുടെ വ്യക്തിഗത ഗ്യാരണ്ടിയിൽ താൻ ഒപ്പിട്ടിട്ടില്ലെന്ന് ബിആർ ഷെട്ടി ആരോപിച്ചിരുന്നു. ഒപ്പിടുന്നതിന് സാക്ഷ്യം വഹിച്ച എസ്ബിഐയുടെ അന്നത്തെ യുഎഇ സിഇഒ ആയിരുന്ന അനന്ത ഷേണായിയെ കണ്ടിട്ടില്ലെന്നായിരുന്നും ഷെട്ടി പറഞ്ഞു. തന്റെ ഒപ്പ് വ്യാജമായി നിർമിച്ചതാണെന്നും ഷെട്ടി കൂട്ടിച്ചേർത്തു. ഇവയെല്ലാം നുണയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബിആർ ഷെട്ടിക്ക് വലിയ തുക ദുബായ് കോടതി പിഴ വിധിച്ചത്.
ഷെട്ടിയുടെ വാദങ്ങളെ വിശ്വസിക്കാൻ കഴിയാത്ത കള്ളങ്ങളുടെ ഘോഷയാത്രയെന്നാണ് ദുബായ് അന്താരാഷ്ട്ര ഫിനാൻഷ്യൽ സെന്റർ കോടതി വിശേഷിപ്പിച്ചത്. ഷെട്ടി ഹാജരാക്കിയ തെളിവുകൾ അവ്യക്തവും അസംബന്ധവുമെന്നും കോടതി കണ്ടെത്തി
വിധി പ്രസ്താവിച്ച തീയതി വരെയുള്ള പലിശ ഉൾപ്പെടെ 45 മില്യൺ ഡോളറും ഈ തുക അടച്ചുതീരുന്നതുവരെ വർഷം ഒമ്പത് ശതമാനം നിരക്കിൽ കൂടുതൽ പലിശയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ബി ആർ ഷെട്ടി അടയ്ക്കണം. 2020 മെയ് മാസത്തിൽ വായ്പാ തുകയെക്കുറിച്ച് ബിആർ ഷെട്ടി അയച്ച ഇ-മെയിലാണ് മുൻ പ്രവാസി വ്യവസായിയുടെ കള്ളങ്ങൾ പൊളിയാൻ കാരണമായത്.
ഒരു മെഡിക്കൽ റെപ് ആയാണ് ഷെട്ടി തൻ്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 31-ാം വയസ്സിൽ വെറും എട്ട് ഡോളറുമായി ഷെട്ടി ദുബായിലേക്കെത്തി. വീടുകൾ തോറും കയറി മരുന്നുകൾ വിറ്റാണ് ഷെട്ടി ജീവിതം തുടർന്നത്. പിന്നീട് യുഎഇയിലെ ആദ്യത്തെ സ്വകാര്യ ആരോഗ്യ പരിരക്ഷാ ദാതാവായ എൻഎംസി സ്ഥാപിച്ചു. അതിനുശേഷം യുഎഇ എക്സ്ചേഞ്ച്, എൻഎംസി നിയോഫാർമ എന്നിവയ്ക്കും തുടക്കമിട്ടു.
2019-ൽ യുഎസ് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലറായ മുഡി വാട്ടേഴ്സ് റിസർച്ചിൻ്റെ ആരോപണങ്ങൾ ഷെട്ടിയുടെ ബിസിനസ് യാത്രയ്ക്ക് തിരിച്ചടിയായി. ഒരു മില്യൺ ഡോളറിൻ്റെ കടം മറച്ചുവെച്ച് സാമ്പത്തിക രേഖകൾ വ്യാജമായി നിർമിച്ചെന്ന് ഷെട്ടിയുടെ കമ്പനികൾക്കെതിരെ ആരോപണമുയർന്നു. ഇതോടെ, ഷെട്ടിയുടെ കമ്പനികളുടെ ഓഹരി വില കുത്തനെ ഇടിഞ്ഞു. 12,478 കോടി രൂപയുടെ ബിസിനസ് ഒരു ഇസ്രായേലി-യുഎഇ കൺസോർഷ്യത്തിന് വെറും 74 രൂപയ്ക്ക് വിൽക്കാൻ ഷെട്ടി നിർബന്ധിതനായി.
2020-ൽ ഷെട്ടി എൻഎംസി ഹെൽത്തിൽ നിന്ന് രാജിവെച്ചു. പിന്നാലെ ഷെട്ടിയുടെ അക്കൗണ്ടുകൾ യുഎഇ സർക്കാർ മരവിപ്പിച്ചു. ഷെട്ടിയുടെ സ്ഥാപനങ്ങളെ യുഎഇ സർക്കാർ കരിമ്പട്ടികയിൽപ്പെടുത്തുകയും ചെയ്തു. ഇതോടെ ബിആർ ഷെട്ടിയുടെ ബിസിനസ് സാമ്രാജ്യത്തിന് അന്ത്യമായി

+ There are no comments
Add yours