ഷെയ്ഖ് സായിദ് റോഡിൽ ഉമ്മുൽ ഷെയ്ഫ് സ്ട്രീറ്റ് എക്‌സിറ്റിനടുത്ത് സുഗമ ഗതാഗതത്തിനായി ദുബൈ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ.ടി.എ) 700 മീറ്റർ റോഡ് വീതി കൂട്ടൽ പൂർത്തിയാക്കി. നവീകരണം പാതകളുടെ എണ്ണം ആറിൽ നിന്ന് ഏഴായി വികസിപ്പിച്ച് മണിക്കൂറിൽ 14,000 വാഹനങ്ങൾ വരെ ഉൾക്കൊള്ളാൻ ശേഷി 16% ആയി വർധിപ്പിച്ചു. ദുബൈയിലുടനീളമുള്ള റോഡ് കാര്യക്ഷമത കൂട്ടാനും, ഗതാഗതം ഏകോപിപ്പിക്കാനും, തിരക്ക് കുറയ്ക്കാനും റോഡ് ഉപയോക്താക്കൾക്ക് ഏറ്റവും എളുപ്പത്തിലും, കൂടുതൽ വിശ്വസനീയവുമായ നിലയിൽ യാത്രകൾ ഉറപ്പാക്കാനുമുള്ള ആർ.ടി.എയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണീ പദ്ധതി.
ശൈഖ് സായിദ് റോഡ് അതിന്റെ തന്ത്രപ്രധാന സ്ഥാനം കാരണം എമിറേറ്റിലെ ഏറ്റവും പ്രധാനവും തിരക്കേറിയതുമായ ഹൈവേകളിൽ ഒന്നാണ്. റെസിഡൻഷ്യൽ കമ്മ്യൂണിറ്റികൾ, സ്‌കൂളുകൾ, ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ, ബുർജ് ഖലീഫ, ദുബൈ മാൾ, മ്യുസിയം ഓഫ് ദി ഫ്യുച്ചർ, മാൾ ഓഫ് ദി എമിറേറ്റ്‌സ്, ദുബൈ വാട്ടർ കനാൽ, ഗോൾഫ് ക്ലബ്, ദുബൈ ഇന്റർനെറ്റ് സിറ്റി, മീഡിയ സിറ്റി, ദുബൈ മറീന, ജബൽ അലി പോർട്ട് ഫ്രീസോൺ എന്നിവയുൾപ്പെടെയുള്ള പ്രമുഖ വാണിജ്യ, സാമ്പത്തിക ലാൻഡ്മാർക്കുകളാൽ ചുറ്റപ്പെട്ട സുപ്രധാന സാമ്പത്തിക ഇടനാഴിയായി ഇത് വർത്തിക്കുന്നു.
ആഗോള കമ്പനികൾ, ബാങ്കുകൾ, നിക്ഷേപ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, വിനോദ കേന്ദ്രങ്ങൾ എന്നിവയ്ക്കും ഈ റോഡ് കേന്ദ്രമാണ്. ഇത് വാണിജ്യ പ്രവർത്തനങ്ങൾക്കും ദൈനംദിന ഗതാഗതത്തിനും മുഖ്യ കേന്ദ്രമാണ്.
ഉമ്മുൽ ഷെയ്ഫ് സ്ട്രീറ്റ് എക്‌സിറ്റിന് സമീപം അബൂദബിയിൽ നിന്ന് വരുന്ന വാഹനങ്ങളുടെ ഗതാഗതം മെച്ചപ്പെടുത്താനാണ് ഷെയ്ഖ് സായിദ് റോഡിന്റെ വീതി കൂട്ടൽ നടപ്പിലാക്കിയത്, വൈകുന്നേരത്തെ തിരക്കേറിയ സമയങ്ങളിൽ ഉമ്മുൽ ഷെയ്ഫ് ജംഗ്ഷന് സമീപമുള്ള ഓവർ ലാപ് പോയിന്റുകൾ ഇപ്പോൾ ഒഴിവായിട്ടുണ്ട്. നവീകരണം പ്രദേശത്തെ യാത്രാ സമയം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, അധിക പാത റോഡ് ഉപയോക്താക്കളുടെ ഗതാഗത സാന്ദ്രത കുറയ്ക്കുന്നതിലൂടെ സുരക്ഷ വർധിപ്പിക്കുമെന്നും ആർ.ടി.എ അധികൃതർ അറിയിച്ചു.

+ There are no comments
Add yours