പുതുവർഷ ആഘോഷങ്ങൾക്കായി തയ്യാറെടുത്ത് ദുബായ് പോലീസ്; പൊതുജനങ്ങളുടെ സുരക്ഷ മുഖ്യവിഷയം

1 min read
Spread the love

ദുബായ്: പുതുവർഷാഘോഷങ്ങളുടെ ഒരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി ദുബായ് പോലീസ് വെള്ളിയാഴ്ച അവലോകനയോഗം ചേർന്നു. ആഘോഷങ്ങൾക്കായുള്ള തയ്യാറെടുപ്പുകൾ ചർച്ച ചെയ്യുന്നതിനായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അഫയേഴ്‌സ് അസിസ്റ്റന്റ് കമാൻഡർ – ഇൻ – ചീഫ് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരിയുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്.

പുതുവർഷാഘോഷങ്ങൾ നടക്കുന്ന സ്ഥലങ്ങളിൽ സുരക്ഷിതത്വം ഉറപ്പുവരുത്താൻ യോഗം ശ്രദ്ധകേന്ദ്രീകരിച്ചു. താമസപ്രദേശങ്ങളിലെയും ഷോപ്പിങ് മാളുകളിലെയും സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി. ആഘോഷങ്ങളിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിന് വിവിധ സ്ഥാപനങ്ങളെ ഉൾപ്പെടുത്തിയുള്ള സുരക്ഷാപദ്ധതികളും ഉദ്യോഗസ്ഥർ അവലോകനം ചെയ്‌തു.

പുതുവർഷാഘോഷങ്ങളിൽ പങ്കെടുക്കാൻ ഒട്ടേറെപ്പേർ ഈ വർഷം ദുബായിലെത്തുന്നുണ്ടെന്ന് മേജർ ജനറൽ ഖലീൽ ഇബ്രാഹിം അൽ മൻസൂരി പറഞ്ഞു. എല്ലായിടങ്ങളിലും തടസ്സങ്ങളില്ലാത്ത ആഘോഷങ്ങൾ ഉറപ്പാക്കാനായി ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. വിവിധയിടങ്ങളിലെ ആഘോഷങ്ങളിൽ വൻ ജനപങ്കാളിത്തമാണ് ഇത്തവണയും പ്രതീക്ഷിക്കുന്നത്. ഗതാഗതസൗകര്യം സുഗമമാക്കുന്നതിനായി വിവിധ പങ്കാളികളുമായി സഹകരണം ശക്തമാക്കും.

ആഘോഷങ്ങളിൽ അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനുള്ള വിവിധ സ്ഥാപനങ്ങളുടെ സന്നദ്ധതയും തയ്യാറെടുപ്പുകളും യോഗം ചർച്ച ചെയ്തു. പൊതുജനങ്ങൾക്ക് സുരക്ഷിതമായി ആഘോഷപരിപാടികളിൽ പങ്കെടുക്കുന്നതിന് അവസരമൊരുക്കാൻ കൂട്ടായ പരിശ്രമം അനിവാര്യമാണെന്നും അൽ മസ്‌റൂഇ പറഞ്ഞു.

You May Also Like

More From Author

+ There are no comments

Add yours