ദുബായ്: മനുഷ്യ കടത്തിനും മയക്കുമരുന്നിനും എതിരെ അജ്ഞാത സന്ദേശം നൽകിയ ദുബായിലെ പൊതുജനങ്ങൾക്ക് നന്ദി പറഞ്ഞ് പോലീസ്. പൊതുജനങ്ങൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നിരവധി ക്രിമിനൽ സംഘാംഗങ്ങളെയാണ് ദുബായ് പോലീസ് പിടികൂടിയത്.
മൊബൈൽ ഫോൺ വഴിയും, സോഷ്യൽ മീഡിയ വഴിയുമാണ് പൊതുജനങ്ങളിൽ ഏറിയ പങ്കും ഇത്തരം വിവരങ്ങൾ പോലീസുമായി പങ്കുവെച്ചത്. വിവിധ കുറ്റകൃത്യങ്ങളുടെ 108,000-ലധികം റിപ്പോർട്ടുകൾ സേനയുടെ പോലീസ് ഐ മൊബൈൽ ആപ്ലിക്കേഷനിൽ കഴിഞ്ഞ വർഷം ലഭിച്ചു.
ഇതിൽ 32,102 എണ്ണം മനുഷ്യക്കടത്ത്, മയക്കുമരുന്ന് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ്, 9,297 ട്രാഫിക് നിയമലംഘനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
പൊതുജനങ്ങൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എത്ര പേരെയാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് വെളിപ്പെടുത്തിയിട്ടില്ല. പൊതുജനങ്ങൾക്ക് സുരക്ഷിതമല്ല എന്ന് തോന്നുന്ന എന്ത് വിവരവും ദുബായ് പോലീസിൽ അറിയിക്കുന്നതിനായും റിപ്പോർട്ട് ചെയ്യുന്നതിനായും 2019ൽ ആരംഭിച്ചതാണ് ദുബായ് പോലീസ് ഐ ആപ്പ്. പൊതുജനങ്ങൾക്ക് ഏതെങ്കിലും തരത്തിൽ ശല്യം ഉണ്ടാക്കുന്നവർ, മയക്കുമരുന്ന് ഉപയോഗിക്കുന്നവർ, വിൽക്കുന്നവർ, വാങ്ങുന്നവർ, സംശയാസ്പദമായ വാഹനങ്ങൾ, സംശയാസ്പദമായ സംഘങ്ങൾ, അനധികൃത വായ്പ വിൽപ്പന, ചൂതാട്ടം, യാചകർ, വേശ്യാവൃത്തി, മദ്യം, സ്കൂൾ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങൾ, മസാജ് കാർഡുകൾ എന്നിവ ഉൾപ്പെടെ എന്ത് തരം ക്രിമിനൽ സ്വഭാവമുള്ള കാര്യങ്ങൾ റിപ്പോർട്ട് ചെയ്യാനും ഐ ആപ്പ് ഉപയോഗിക്കാവുന്നതാണ്.
ഐ ആപ്പ് ഉപയോഗിച്ച് പൊതുജനങ്ങൾ ക്രിമിനലുകൾക്കെതിരെ നൽകിയ എല്ലാ സന്ദേശങ്ങൾക്കും നന്ദിയുണ്ടെന്ന് ദുബായ് പോലീസിലെ ആന്റി നാർക്കോട്ടിക് വിഭാഗം ഡയറക്ടർ മേജർ ജനറൽ ഈദ് മുഹമ്മദ് താനി പറഞ്ഞു.
+ There are no comments
Add yours