ദുബായ്: ദുബായ് എമിറേറ്റിൻ്റെയും ദുബായ് സർക്കാരിൻ്റെയും ഔദ്യോഗിക ചിഹ്നങ്ങളും ലോഗോയും ഇനി മുതൽ അനുമതിയില്ലാതെ ഉപയോഗിക്കാൻ കഴിയില്ല. ഔദ്യോഗിക ചിഹ്നത്തിൻ്റെ ഉപയോഗം നിയന്ത്രിക്കുന്ന പുതിയ നിയമം ദുബായിൽ പ്രാബല്യത്തിൽ വന്നു.
യുഎഇ വൈസ് പ്രസിഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇതുമായി ബന്ധപ്പെട്ട പുതിയ നിയമം പ്രഖ്യാപിച്ചത്. ഇതുപ്രകാരം പരസ്യം ചെയ്യൽ, ഉൽപ്പന്നങ്ങൾ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ വാണിജ്യ ആവശ്യങ്ങൾക്കായി ദുബായ് സർക്കാരിൻ്റെ ഔദ്യോഗിക ലോഗോകൾ ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
ലോഗോയെ ഏതെങ്കിലും വിധത്തിൽ മോശമായി ചിത്രീകരിക്കുകയോ അതിനെ വളച്ചൊടിക്കുന്നതോ അതിൻ്റെ മൂല്യത്തെയോ നിലയെയോ ദോഷകരമായി ബാധിക്കുന്നതോ ആയ ഏതെങ്കിലും വിധത്തിൽ ഉപയോഗിക്കുകയോ ചെയ്യുന്നത് പുതിയ നിയമ പ്രകാരം നിരോധിച്ചിട്ടുണ്ട്.

ദുബായ് എമിറേറ്റിൻ്റെ ഔദ്യോഗിക ലോഗോ സ്ഥലങ്ങൾ, ഇവൻ്റുകൾ, രേഖകൾ, മുദ്രകൾ എന്നിവയിൽ പ്രത്യേക അനുമതിയോടെ ഉപയോഗിക്കാൻ അനുമതിയുണ്ട്. ദുബായ് ഗവൺമെൻ്റ് ലോഗോ ദുബായ് ഗവൺമെൻ്റിൻ്റെയും സർക്കാർ ഏജൻസികളുടെയും കെട്ടിടങ്ങൾ, സൈറ്റുകൾ, ഇവൻ്റുകൾ, പ്രവർത്തനങ്ങൾ, രേഖകൾ, സൈറ്റുകൾ, ആപ്ലിക്കേഷനുകൾ എന്നിവയിൽ ഉപയോഗിക്കും.
മാർഗനിർദേശങ്ങൾ അനുസരിച്ച് മാത്രമേ ലോഗോകൾ ഉപയോഗിക്കാൻ പാടുള്ളൂ എന്നും പുതിയ നിയമം അനുശാസിക്കുന്നു. നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥകൾ ലംഘിച്ച് ദുബായ് എമിറേറ്റിൻ്റെയും ദുബായ് സർക്കാരിൻ്റെയും ലോഗോകൾ ഏതെങ്കിലും വ്യക്തികളോ സ്ഥാപനങ്ങളോ ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടാൽ അക്കാര്യം യോഗ്യതയുള്ള അധികാരികളെ നിർബന്ധമായും അറിയിക്കണമെന്നും നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. നിയമം ലംഘിക്കുന്നവർക്കെതിരേ ശക്തമായ ശിക്ഷാ നടപടികളും അധികൃതർ കൈക്കൊള്ളും.
നിയമം ലംഘിക്കുന്ന ഏതൊരാൾക്കും 5 വർഷം വരെ തടവോ ഒരു ലക്ഷം ദിർഹം മുതൽ അഞ്ച് ലക്ഷം ദിർഹം വരെ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ അനുഭവിക്കേണ്ടിവരുമെന്ന് നിയമം അനുശാസിക്കുന്നു. അനുമതി നേടാതെ ലോഗോ ഉപയോഗിക്കുന്നവർ 30 ദിവസത്തിനുള്ളിൽ അത് നീക്കം ചെയ്യണമെന്നും നിയമം ആവശ്യപ്പെടുന്നു. പുതിയ നിയമം വന്നതോടെ ദുബായ് എമിറേറ്റിന്റെ ചിഹ്നത്തെ സംബന്ധിച്ച 2023 ലെ നിയമം (17) അസാധുവായതായും അതിൻ്റെ വ്യവസ്ഥകളുമായി വൈരുദ്ധ്യമുള്ള മറ്റേതെങ്കിലും നിയമത്തിലെ വ്യവസ്ഥകൾ റദ്ദാക്കപ്പെടുകയും ചെയ്യും.
+ There are no comments
Add yours