ദുബായ്: ഗള്‍ഫിലെ ആദ്യത്തെ ജലവൈദ്യുത നിലയം 2025ല്‍ ദുബായില്‍ പ്രവര്‍ത്തനമാരംഭിക്കും. ഹത്തയിലാണ് ദുബായ് ഇലക്ട്രിസിറ്റി ആന്റ് വാട്ടര്‍ അതോറിറ്റിയുടെ ജലവൈദ്യുത നിലയം വരുന്നത്. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം പ്ലാന്റ് സന്ദര്‍ശിച്ച് പദ്ധതിയുടെ പുരോഗതി വിലയിരുത്തി
യുഎഇയെ ഗള്‍ഫ് മേഖലയിലെ പരിസ്ഥിതി സൗഹൃദ ഊര്‍ജകേന്ദ്രമായി മാറ്റാനുള്ള നടപടികളുടെ തുടര്‍ച്ചയായാണ് പ്ലാന്റ് സ്ഥാപിക്കുന്നത്. 387 മില്യണ്‍ ഡോളറിന്റെ പദ്ധതിയാണിത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ ദര്‍ശനങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും അനുസൃതമായാണ് ജിസിസി മേഖലയില്‍ ഇത്തരത്തിലുള്ള ആദ്യ പദ്ധതി വരുന്നതെന്ന് ഷെയ്ഖ് ഹംദാന്‍ പറഞ്ഞു.
ഹട്ട അണക്കെട്ടിലെ വെള്ളവും മലനിരകളില്‍ പുതുതായി നിര്‍മിച്ച അപ്പര്‍ റിസര്‍വോയറില്‍ നിന്നുമുള്ള വെള്ളവുമാണ് ജലവൈദ്യുത നിലയം ഉപയോഗപ്പെടുത്തുക. അണക്കെട്ടില്‍ നിന്ന് അപ്പര്‍ റിസര്‍വോയറിലേക്ക് തിരക്കില്ലാത്ത സമയങ്ങളില്‍ വെള്ളം പമ്പ് ചെയ്യും. ഇതിനായി അത്യാധുനിക ടര്‍ബൈനുകള്‍ ശുദ്ധമായ ഊര്‍ജത്തില്‍ പ്രവര്‍ത്തിക്കും. മുകളിലെ റിസര്‍വോയറില്‍ നിന്ന് 1.2 കിലോമീറ്റര്‍ ഭൂഗര്‍ഭ കനാലിലൂടെ വെള്ളം ഒഴുക്കി ടര്‍ബൈനുകള്‍ കറക്കിയാണ് വൈദ്യുതി ഉത്പാദിപ്പിക്കുക.=
+ There are no comments
Add yours