കുവൈത്ത്: ശ്വാസകോശ സംബന്ധമായ വൈറസ്(കൊവിഡ് 19 ജെഎൻ.1) വ്യാപിക്കുന്നുവെന്ന ആശങ്കകൾക്കിടെ ആരോഗ്യ പ്രവർത്തകർക്ക് മാസ്ക് നിർബന്ധമാക്കി കുവൈത്ത്. മെഡിക്കൽ, പാരാമെഡിക്കൽ ജീവനക്കാർ ജോലി സമയങ്ങളിൽ മാസ്‌ക് ധരിക്കണമെന്ന് നിർദേശിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം സർക്കുലർ പുറത്തിറക്കി.
രാജ്യത്തുടനീളമുള്ള എല്ലാ ആശുപത്രികൾക്കും പ്രത്യേക കേന്ദ്രങ്ങൾക്കും പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾക്കും നിർദേശം ബാധകമാണ്. ശ്വാസകോശ സംബന്ധമായ വൈറസുകളുടെ വ്യാപനത്തിനെതിരായ പ്രതിരോധ നടപടിയെന്ന നിലയിൽ മാസ്‌ക് ധരിക്കുന്നത് ഏറെ പ്രധാനമാണെന്ന് 161-ാം നമ്പർ സർക്കുലറിൽ പറയുന്നു.
കൊവിഡ് 19ന്റെ പുതിയ വകഭേദം ജെഎൻ.1 വേരിയന്റ് രാജ്യത്ത് കണ്ടെത്തിയതായി കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. എന്നാൽ കടുത്ത നടപടികൾ സ്വീകരിക്കുന്നില്ലെന്നും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്നും അറിയിച്ചിരുന്നു. പിന്നാലെയാണ് ആരോഗ്യപ്രവർത്തകർക്കുള്ള പുതിയ നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
മാസ്‌ക് ധരിക്കുന്നതോടൊപ്പം വെള്ളം, സോപ്പ്, അണുനാശിനികൾ എന്നിവ ഉപയോഗിച്ച് പതിവായി കൈകൾ കഴുകുകയും ശുചിത്വം പാലിക്കുകയും വേണമെന്നും മന്ത്രാലയം നിർദേശിക്കുന്നു. കൊവിഡ്-19ന്റെയും ഫ്ളൂ വാക്സിനുകളുടെയും ഏറ്റവും പുതിയ പതിപ്പുകൾ ഉൾപ്പെടെ കാലാനുസൃതമായ ശ്വാസകോശ വാക്സിനേഷനുകൾ മെഡിക്കൽ ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ടതുണ്ടെന്നും അഭ്യർത്ഥിക്കുന്നു.
+ There are no comments
Add yours