കാലാവസ്ഥാ വ്യതിയാനം; ബഹ്റൈനിൽ സൗദി അറേബ്യ 10 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്നു

1 min read
Spread the love

മനാമ: മരുഭൂവത്കരണം തടയുക, പച്ചപ്പ് നിലനിർത്തുക തുടങ്ങി വിപുലമായ ലക്ഷ്യങ്ങളോടെ ബഹ്റൈനിൽ സൗദി അറേബ്യ 10 ലക്ഷം മരങ്ങൾ നട്ടുപിടിപ്പിക്കുന്നു. ബഹ്റൈൻ തലസ്ഥാനമായ മനാമയിലെ തെരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിലാണ് തൈ നടുന്നത്. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ ഒരു ലക്ഷം തൈകൾ നട്ടുപിടിപ്പിക്കുന്നതിന് തുടക്കംകുറിച്ചു.

സൗദിയിലെ നാഷണൽ സെന്റർ ഫോർ വെജിറ്റേഷൻ കവർ ഡെവലപ്‌മെന്റ് ആൻഡ് കോംബാറ്റിങ് ഡെസേർട്ടിഫിക്കേഷൻ (എൻസിവിസി) ആണ് പദ്ധതി നടപ്പാക്കുന്നത്. ബഹ്റൈനിലെ ഹരിത പ്രദേശങ്ങൾ വർധിപ്പിക്കുക, ജൈവവൈവിധ്യം സംരക്ഷിക്കുക, ജീവിതനിലവാരം മെച്ചപ്പെടുത്തുക, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ കുറയ്ക്കുക, മരുഭൂവത്കരണം ചെറുക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.

സൗദി അറേബ്യയിൽ നട്ടുപിടിപ്പിച്ചത് ബഹ്റൈനിൽ നട്ടുവളർത്തുക’ എന്ന ശീർഷകത്തിലുള്ള സംരംഭത്തിന്റെ ആദ്യഘട്ടത്തിൽ 30,000 കർപ്പൂര മരങ്ങളും സിദർ മരങ്ങളും മനാമയിലെ നടീൽ സ്ഥലങ്ങളിലെത്തിച്ചു. 70,000 അക്കേഷ്യ, സിദർ മരങ്ങൾ കൂടി ഇവിടേക്ക് എത്തിച്ച ശേഷമായിരിക്കും നടീൽ പ്രക്രിയ പൂർത്തിയാക്കുക.

ബഹ്റൈനിലെ ദേശീയവനവത്കരണ നയത്തിന്റെയും സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള ഹരിത പശ്ചിമേഷ്യ എന്ന ലക്ഷ്യത്തിന്റെയും പൂർത്തീകരണത്തിലേക്കുള്ള ചുവടുവയ്പാണിതെന്ന് ബഹ്റൈൻ കൃഷി, മുനിസിപ്പൽ കാര്യ മന്ത്രി പറഞ്ഞു. സൗദി അറേബ്യയുടെ തീരപ്രദേശങ്ങളിൽ 10 കോടി കണ്ടൽ ചെടികൾ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക് നേരത്തേ എൻസിവിസി തുടക്കമിട്ടിരുന്നു. 60 ലക്ഷം കണ്ടൽ തൈകൾ നട്ടുകഴിഞ്ഞു. ഇതിൽ പകുതിയലധികവും ജിസാൻ മേഖലയിലാണ് നട്ടത്. ചെങ്കടലിന്റെയും അറേബ്യൻ ഗൾഫിന്റെയും തീരപ്രദേശങ്ങളിൽ കൂടുതൽ കണ്ടലുകൾ വളർത്താനാണ് ശ്രമം.

സൗദി ഗ്രീൻ ഇനിഷ്യേറ്റീവ് എന്ന പദ്ധതിയുടെ ഭാഗമായി പരിസ്ഥിതി സംരക്ഷണത്തിനും തീരങ്ങളിലെ ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനും വലിയ ശ്രമങ്ങളാണ് നടന്നുവരുന്നത്. പരിസ്ഥിതി മലിനീകരണം തടയുന്നതിനൊപ്പം കാലാവസ്ഥയിലുണ്ടാവുന്ന മാറ്റങ്ങൾ ചെറുക്കുന്നതിനും പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കിവരികയാണ്.

You May Also Like

More From Author

+ There are no comments

Add yours