കാലാവസ്ഥ വ്യതിയാനം; ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ

0 min read
Spread the love

ദോഹ: തണുപ്പും മഴയുമായി കാലാവസ്ഥ മാറുന്നതിനിടെ ഡെങ്കിപ്പനിക്കെതിരെ മുന്നറിയിപ്പുമായി ഖത്തർ ആരോഗ്യ മന്ത്രാലയം. നവംബറിൽ ഉൾപ്പെടെ പെയ്ത മഴയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ പനിക്കെതിരെ മുൻകരുതൽ പാലിക്കണമെന്ന് നിർദേശം നൽകി.

സമീപകാലത്ത് ലഭിച്ച മഴകൾ ഡെങ്കിപ്പനിക്ക് കാരണമാകുന്ന കൊതുകുകളുടെ പ്രജനനം കൂട്ടിയിട്ടുണ്ട്. മഴയോടൊപ്പം കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവുമൊക്കെ കൊതുകുകളുടെ എണ്ണം കൂടാൻ കാരണമായിട്ടുണ്ട്.

രോഗം പരത്തുന്ന വിഭാഗം കൊതുകിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞതിനാൽ, കൊതുകു കടി ഒഴിവാക്കാനും രോഗ ലക്ഷണം മനസ്സിലാക്കി അടിയന്തര ചികിത്സ തേടാനും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം നിർദേശം നൽകി.

ഈഡിസ് ഈജിപ്തി കൊതുകാണ് പ്രധാനമായും ഡെങ്കിപ്പനി വൈറസ് പരത്തുന്നത്. രോഗമുള്ള ഒരാളെ കടിച്ച കൊതുക് മറ്റൊരാളെ കടിക്കുന്നതിലൂടെ മാത്രമേ രോഗം പകരുകയുള്ളൂ. കടുത്ത പനി, തലവേദന, കണ്ണിനു പിന്നിലെ വേദന, ശരീരവേദന, ഛർദ്ദി, ശരീരത്തിൽ ചുവന്ന പാടുകൾ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ.

ഡെങ്കിപ്പനി വൈറസ് ബാധിച്ചവരിൽ മിക്കവർക്കും രോഗലക്ഷണങ്ങൾ ഉണ്ടാകണമെന്നില്ല. ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർ ആശുപത്രികളിലെത്തി അടിയന്തര ചികിത്സ തേടണമെന്ന് മന്ത്രാലയം നിർദേശിച്ചു.

You May Also Like

More From Author

+ There are no comments

Add yours