ചൈനയിലെ അടുത്ത വൈറസ് വ്യാപനത്തിൻെറ വാർത്തകൾ ലോകത്തെയാകെ ഒന്നു പരിഭ്രാന്തിയിൽ ആക്കിയിട്ടുണ്ട്. കാരണം ചൈനയിൽ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊവിഡ് വൈറസ് ലോകത്തെയാകെ പ്രതിസന്ധിയിൽ ആക്കിയിട്ട് അധികമായില്ല. ലക്ഷക്കണക്കിനാളുകൾ മരണത്തിന് കീഴടങ്ങി.എന്നാൽ ഇപ്പോൾ മൈകോപ്ലാസ്മ ന്യുമോണിയ എന്ന ബാക്ടീരിയ ആണ് ബീജിങ്ങിൽ പടരുന്നത്. ഇത് ആൻറിബയോട്ടിക്കുകൾ ഉപയോഗിച്ച് ചികിത്സിക്കാൻ ആകും. സാധാരണ ജലദോഷത്തിന് സമാനമായ രോഗലക്ഷണങ്ങളുള്ള അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയാണ് മൈകോപ്ലാസ്മ ന്യുമോണിയ.
ചിലപ്പോൾ ചുമ ആഴ്ചകളോളം നീണ്ടുനിൽക്കും. ഈ ബാക്ടീരിയ ബാധിച്ചാൽ ചെറിയ കുട്ടികൾക്ക് ന്യുമോണിയ വരാനുള്ള സാധ്യത കൂടുതലാണ് എന്നതിനാൽ ശ്രദ്ധിക്കേണ്ടതുണ്ട്. പനി, ശ്വാസകോശ വീക്കം, ശ്വാസകോശത്തിലെ മുഴകൾ എന്നിവയാണ് ലക്ഷണങ്ങൾ.
ഇതുവരെ മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.മൈകോപ്ലാസ്മ, കൊവിഡ് പോലെ ഭയപ്പെടേണ്ട അണുക്കളല്ലാത്തതിനാൽ ജാഗ്രതയാണ് ആവശ്യം. വലിയ തോതിൽ വ്യാപനം ഉണ്ടാകാതെ നിയന്ത്രിക്കാൻ ആകണം. രോഗബാധ വ്യാപകമായാൽ ഒപ്പം മറ്റ് വൈറസുകളും പടരാം.
പ്രത്യേകിച്ച് ശൈത്യകാലത്ത്. ഈ സാഹചര്യത്തിൽ സംസ്ഥാനങ്ങൾക്ക് കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ രംഗത്തെ അടിസ്ഥാന സൗകര്യങ്ങൾ പരിശോധിക്കണമെന്നാണ് നിർദ്ദേശം.
രാജസ്ഥാൻ, കർണാടക, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹരിയാന, തമിഴ്‌നാട് എന്നിവിടങ്ങളിലെ സംസ്ഥാന സർക്കാരുകൾ ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങളുമായെത്തുന്ന രോഗികളെ നിരീക്ഷിക്കാനും രോഗബാധ തടയാൻ തയ്യാറെടുക്കാനും ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നിർദേശം നൽകിയിട്ടുണ്ട്.
ശ്വാസകോശ അസുഖങ്ങൾ ഒഴിവാക്കാൻ രോഗബാധിത പ്രദേശങ്ങളിലെ ആളുകൾ മുൻകരുതൽ എടുക്കണമെന്ന് ലോകാരോഗ്യ സംഘടന നിർദേശം നൽകിയിട്ടുണ്ട്. രോഗലക്ഷണങ്ങൾ കണ്ടാൽ പരിശോധന നടത്തുകയും ആവശ്യമെങ്കിൽ മാസ്‌ക് ധരിക്കുകയും വേണം.
+ There are no comments
Add yours