ചൈനയിലുണ്ടായ പുതിയ രോഗവ്യാപനത്തിൽ ആശങ്കയിലാണ് ലോകം മുഴുവൻ. ഹ്യൂമൻ മെറ്റാപ്ന്യൂമോ വൈറസ് (HMPV) ആണ് പടരുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കോവിഡ് വ്യാപനത്തിന്റെ തുടക്കം ചൈനയിൽ നിന്നും ആതിനാൽ തന്നെ ഇപ്പോഴത്തെ വൈറസ് വ്യാപനത്തെ ലോകം കടുത്ത ആശങ്കയോടെയാണ് കാണുന്നത്.
14 വയസിന് താഴെ പ്രായമുള്ള കുട്ടികളിലാണ് എച്ച്എംപിവി കേസുകൾ പടരുന്നതെന്നാണ് വിവരം. ചൈനയുടെ വടക്കൻ പ്രവിശ്യയിലാണ് കൂടുതൽ കേസുകളും റിപ്പോർട്ട് ചെയ്യുന്നത്. കോവിഡിന് സമാനമായ രീതിയിൽ പടരുന്ന വൈറസാണ് എച്ച്.എം.പി.വി. ശ്വസനേന്ദ്രിയ സംവിധാനങ്ങളെ ബാധിക്കുന്ന അണുബാധയാണിത്. പ്രായമായവരും കുട്ടികളും പ്രതിരോധശക്തി കുറഞ്ഞവരുമാണ് അപകടസാധ്യതാ വിഭാഗത്തിലുള്ളത്. എച്ച്.എം.പി.വി. ആദ്യമായി സ്ഥിരീകരിച്ചത് 2001ലാണ്. നിലവിൽ ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസിന് പ്രത്യേക ചികിത്സയോ വാക്‌സിനോ ലഭ്യമല്ലെന്നും വിദഗ്ധർ പറയുന്നു.
ചുമ, പനി, ശ്വാസം മുട്ടൽ തുടങ്ങിയവയാണ് രോഗത്തിന്റെ ലക്ഷണങ്ങൾ. ചുമയ്ക്കുമ്പോഴോ, തുമ്മുമ്പോഴോ വായും മൂക്കും മൂടുക, ഇടയ്ക്കിടെ കൈകഴുകുക തുടങ്ങിയ ചില മുൻകരുതലുകൾ സ്വീകരിക്കേണ്ടത് അനിവാര്യമാണ്. ചെറിയ കുട്ടികൾ, പ്രായമായവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവരിൽ രോഗം ഗുരുതരമാകാൻ സാധ്യതയുണ്ട്. ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തുവരുന്ന സ്രവങ്ങളിലൂടെ പടരുന്നതിനാൽ പെട്ടെന്ന് രോഗം പകരാനുള്ള സാധ്യത കൂടും. രോഗബാധിതരുമായുള്ള അടുത്ത സമ്പർക്കം മൂലവും രോഗം പകരാം.
ചൈനയിലെ ആശുപത്രികൾ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. നിരവധി മരണങ്ങളും സംഭവിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇൻഫ്ളുവൻസ എ, ഹ്യൂമൻ മെറ്റാപ്ന്യൂമോവൈറസ്, കോവിഡ് 19 എന്നിവ ഉൾപ്പടെ ഒന്നിലേറ വൈറസുകൾ ചൈനയിൽ പടരുന്നതായും ചൈനയിൽ നിന്നുള്ള ചില എക്സ് ഹാൻഡിലുകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്.
തിങ്ങി നിറഞ്ഞ ആശുപത്രികളിൽ മാസ്‌ക് ധരിച്ച് ചികിത്സയ്ക്കായി എത്തിയ രോഗികളുടെ വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. രോഗബാധയെ തുടർന്ന് ചൈനയിലെ ചില പ്രദേശങ്ങളിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായും വാർത്തകളുണ്ട്. എന്നാൽ ഈ വാർത്തകളൊന്നും ചൈനയോ ലോകാരോഗ്യ സംഘടനയോ സ്ഥിരീകരിച്ചിട്ടില്ല. അതേസമയം ഉറവിടമറിയാത്ത ന്യുമോണിയ കേസുകൾക്കായി നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയെന്ന് ചൈനയുടെ രോഗ നിയന്ത്രണ അതോറിറ്റി പറഞ്ഞതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.
+ There are no comments
Add yours