സൗദിയിൽ ജോലി അന്വേഷിക്കുന്നവർക്കുള്ള സർട്ടിഫിക്കറ്റ്​ ​വെരിഫിക്കേഷൻ; 160 രാജ്യങ്ങളിലേക്ക്​ വ്യാപിപ്പിക്കുന്നു

1 min read
Spread the love

ജിദ്ദ: സൗദി അറേബ്യയിൽ തൊഴിൽ തേടുന്ന വിദേശികൾക്കുള്ള തൊഴിൽ സർട്ടിഫിക്കറ്റ്​ സാധുതാ പരിശോധന (Professional Verification) കേന്ദ്രങ്ങൾ 160 രാജ്യങ്ങളിലേക്ക്​ വ്യാപിപ്പിക്കുന്നു. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ ഏർപ്പെടുത്തുന്ന ഈ സംവിധാനം ആദ്യ ഘട്ടത്തിൽ 62 രാജ്യങ്ങളിലാണ്​ ഏർപ്പെടുത്തിയത്​. ഈ വർഷം സെപ്റ്റംബറിലാണ്​ ഇതിന്​ തുടക്കം കുറിച്ചത്​. രണ്ടാംഘട്ടമായാണ്​ 160 രാജ്യങ്ങളായി ഉയർത്തുന്നത്​. ഒരു ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴിയാണ്​ ഈ കേന്ദ്രങ്ങളെ നിയന്ത്രിക്കുന്നത്​.

സൗദിയിലെ ആകെ പ്രവാസി തൊഴിലാളികളുടെ 80 ശതമാനം വരുന്ന ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്​താൻ തുടങ്ങിയ രാജ്യങ്ങളിലാണ്​ ഈ പരീക്ഷാകേന്ദ്രങ്ങൾ ഇതിനകം ആരംഭിച്ചത്​​. ഡിപ്ലോമ, ബാച്ചിലേഴ്സ് ഡിഗ്രി, ബിരുദാനന്തര ബിരുദം എന്നീ അക്കാദമിക്​ യോഗത്യകൾ ഏതെങ്കിലുമുള്ളവർക്കാണ്​ ഈ പരീക്ഷ​.

തൊഴിലാളിയുടെ സർട്ടിഫിക്കറ്റുകളുടെ വിശ്വാസ്യത പരിശോധിക്കലാണിത്​​. ഉദ്യോഗാർഥികളുടെ സർട്ടിഫിക്കറ്റിന്റെ സാധുത പരിശോധിച്ച് അതിന്​ സർവകലാശാലയുടെ അംഗീകാരമുണ്ടെന്നും സർട്ടിഫിക്കറ്റ് അംഗീകൃതമാണെന്നും ഉറപ്പാക്കുകയാണ് പരിശോധനയിലൂടെ ചെയ്യുന്നത്​.​

ആറു മാസം മുമ്പ്​​ മന്ത്രാലയം ‘പ്രഫഷണൽ പരീക്ഷ’ ആരംഭിച്ചിരുന്നു​​. വിദഗ്​ധ തൊഴിലാളികൾക്ക്​ ബന്ധപ്പെട്ട ​ജോലികളിൽ അടിസ്ഥാന യോഗ്യതയും ശേഷിയുമുണ്ടെന്ന് പരിശോധിക്കാനാണ്​ പരീക്ഷ​. അതത്​ തൊഴിലുകളിൽ പ്രാക്​ടിക്കൽ, തിയറി പരീക്ഷകളാണ്​ നടത്തുന്നത്​. ഈ പ്രഫഷണൽ പരീക്ഷ പാസായാൽ മാത്രമേ ബന്ധപ്പെട്ട തൊഴിൽ വിസയിൽ നടപടി പൂർത്തീകരിച്ച്​ സൗദിയിലേക്ക്​ വരാനാകൂ.

You May Also Like

More From Author

+ There are no comments

Add yours