കേരള ടു യുഎഇ; കപ്പൽ സർവ്വീസ് പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി

1 min read
Spread the love

ന്യൂഡൽഹി: കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ വീണ്ടും കപ്പൽ സർവ്വീസ് ആരംഭിക്കാൻ പോകുന്നു. ഇത് സംബന്ധിച്ച പദ്ധതിയ്ക്ക് ലോക്സഭയിൽ അം​ഗീകാരം നൽകി കേന്ദ്ര സർക്കാർ. കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്രാ കപ്പൽ സർവ്വീസ് നടത്തുന്നതിന് ടെൻഡർ വിളിക്കാൻ തീരുമാനിച്ചുവെന്നാണ് കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ് സോനോവാൾ ലോക്സഭയിൽ വ്യക്തമാക്കിയത്.

കഴിഞ്ഞ മാസം ചേർന്ന ഷിപ്പിങ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, നോർക്ക റൂട്ട്സ്, കേരള മാർടൈം ബോർഡ് എന്നിവയുമായി നടത്തിയ വെർച്വൽ യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചതെന്നും കേന്ദ്രം വ്യക്തമാക്കി.

കപ്പൽ സർവ്വീസിന്റെ ടെൻഡർ പ്രസിദ്ധീകരിക്കാൻ മാർടൈം ബോർഡിനേയും നോർക്കയേയുമാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ഉടനടി കപ്പൽ നൽകാൻ കഴിയുന്നവർ, അനുയോജ്യമായ കപ്പലുകൾ കൈവശം ഉള്ളവർ, ഇത്തരം സർവീസ് നടത്താൻ താൽപ്പര്യം പ്രകടിപ്പിക്കുന്നവർ എന്നിവർക്കാണ് ടെൻഡറിൽ പങ്കെടുക്കാൻ സാധിക്കുക.

കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്രാ കപ്പൽ സർവ്വീസ് ആരംഭിച്ചാൽ പ്രവാസികൾക്ക് ഇത് ഏറെ ഉപകാരപ്രദമായി മാറും. യാത്രാ സമയം കൂടുമെങ്കിലും വിമാനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ യാത്രാകൂലി മതിയാകും. അതോടൊപ്പം തന്നെ കൂടുതൽ ലഗേജുകൾ കൊണ്ടുവരാനും സാധിക്കും.

കപ്പൽ യാത്രയിൽ ടൂറിസം രംഗത്തും സാധ്യതകൾ അനവധിയാണ്. വിഭവസമൃദ്ധമായ ഭക്ഷണം, വിനോദപരിപാടികൾ എന്നിവയും മൂന്ന് ദിവസത്തെ യാത്രയിലുണ്ടാകും. ദുബായിൽ നിന്ന് കൊച്ചിയിലേക്കും ബേപ്പൂരിലേക്കും ഉള്ള യാത്രക്ക് കേവലം പതിനായിരം രൂപയെ ചെലവാകൂ എന്നതാണ് പ്രധാന ആകർഷണം.

നേരത്തെ ബേപ്പൂർ-കൊച്ചി തുറമുഖങ്ങൾ മുതൽ ദുബായിലെ മിന അൽ റാഷിദ് തുറമുഖം വരെയുള്ള പാസഞ്ചർ ക്രൂയിസ് കപ്പൽ പ്രവർത്തനങ്ങളുടെ സാധ്യതാപഠനം നടത്താനുള്ള നിവേദനം മലബാർ ഡെവലപ്മെന്റ് കൗൺസിൽ പ്രസിഡന്റ് സിഇ ചാക്കുണ്ണി മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചിരുന്നു.

കേന്ദ്രമന്ത്രി വി.മുരളീധരൻ മുഖേന കേന്ദ്രസർക്കാരിനും അപേക്ഷ നൽകിയിരുന്നു. ഇതിനെല്ലാം ഒടുവിലാണ് കേരളത്തിനും ഗൾഫ് രാജ്യങ്ങൾക്കും ഇടയിൽ യാത്ര കപ്പൽ സർവീസ് ഏർപ്പെടുത്തുന്നതിന്റെ വിവിധ വശങ്ങൾ സംബന്ധിച്ച ഹൈബി ഈഡൻ എം പി യുടെ ചോദ്യത്തിന് കേന്ദ്ര മന്ത്രി സർബാനന്ദ സോനോവാൾ പാർലമെന്റിൽ മറുപടി നൽകിയിരിക്കുന്നത്.

You May Also Like

More From Author

+ There are no comments

Add yours