യു.എ.ഇ: ഇന്ത്യയിലുള്ളതിനേക്കാൾ സ്വർണത്തിന് വില കുറവാണ് യുഎഇയിൽ. ലോകത്തെ എല്ലാതരം ഡിസൈനുകളിലും സ്വർണാഭരണം കിട്ടുന്ന നഗരം കൂടിയാണ് ദുബായ്. പരിശുദ്ധിയുള്ള സ്വർണമായതിനാൽ നാട്ടിലേക്ക് വരുന്ന മിക്ക പ്രവാസികളും യുഎഇയിൽ നിന്ന് സ്വർണം വാങ്ങാറുണ്ട്. നാട്ടിലെ ജ്വല്ലറികളിൽ വിറ്റാലും ഈ സ്വർണത്തിന് നല്ല വില കിട്ടും.
ഇന്ത്യ ഔദ്യോഗികമായി യുഎഇയിൽ നിന്ന് സ്വർണം വാങ്ങാറുണ്ട്. ബാങ്കുകൾ മുഖേനയാണ് സ്വർണം വാങ്ങുക. ഇന്ത്യയും യുഎഇയും തമ്മിൽ കഴിഞ്ഞ വർഷം മെയ് മാസത്തിൽ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവച്ചിരുന്നു. ഈ കരാറിന്റെ അടിസ്ഥാനത്തിൽ സ്വർണം വാങ്ങുമ്പോൾ നികുതിയിൽ ഇളവ് ലഭിക്കുകയും ചെയ്യും. സമാനമായ വ്യാപാര കരാർ ഒമാനുമായും ഇന്ത്യ വൈകാതെ ഒപ്പുവയ്ക്കുമെന്നാണ് വാർത്തകൾ.
അതേസമയം, യുഎഇയിൽ നിന്ന് സ്വർണം വാങ്ങുന്നതിന് ഇന്ത്യയിലെ ചില ബാങ്കുകൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകി എന്നാണ് പുതിയ വാർത്ത. സ്വതന്ത്ര വ്യാപാര കരാറിന്റെ അടിസ്ഥാനത്തിൽ നികുതി ഇളവിൽ കിട്ടുന്ന സ്വർണമാണ് ബാങ്കുകൾ വാങ്ങുക. സർക്കാർ അനുമതി നൽകിയ വാർത്ത ഹിന്ദുസ്ഥാൻ ടൈംസ് ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
യുഎഇയിൽ നിന്ന് സ്വർണം ഇറക്കുമതി ചെയ്യാൻ ചില ജ്വല്ലറികൾക്ക് കേന്ദ്ര സർക്കാർ അനുമതി നൽകിയിട്ടുണ്ട്. മാനദണ്ഡങ്ങൾ പാലിക്കുന്ന ജ്വല്ലറികൾക്കും ബാങ്കുകൾക്കുമാണ് അനുമതി. ബാങ്കുകളെ തീരുമാനിക്കുന്നത് റിസർവ് ബാങ്ക് ആണ്. നിലവിൽ ബാങ്കുകൾക്ക് സ്വർണം വാങ്ങാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത് എന്ന് പേര് വെളിപ്പെടുത്താത്ത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.
യുഎഇയിൽ നിന്ന് സ്വർണം വാങ്ങുമ്പോൾ കയറ്റുമതി നികുതിയില്ല. എന്നാൽ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുമ്പോൾ 15 ശതമാനം നികുതിയാണ് ചുമത്തുക. വ്യാപാര കരാർ ഒപ്പുവച്ചതിനാൽ ഒരു ശതമാനം ഇളവ് ലഭിക്കും. നടപ്പ് സാമ്പത്തിക വർഷം 140 ടൺ സ്വർണം യുഎഇയിൽ നിന്ന് വാങ്ങാൻ കരാർ പ്രകാരം അനുമതിയുണ്ട്.
+ There are no comments
Add yours