അബുദാബി: ബസ് യാത്രാ നിരക്ക് ഏകീകരിച്ച് അബുദാബി. നഗരത്തിലെയും ഗ്രാമങ്ങളിലെയും ബസ് യാത്രാ നിരക്കാണ് ഏകീകരിച്ചത്. അടിസ്ഥാന നിരക്ക് 2 ദിർഹം. കിലോമീറ്ററിന് 5 ഫിൽസ് വീതം കൂടും. ഒരു ദിശയിലേക്കുള്ള യാത്രയ്ക്ക് പരമാവധി 5 ദിർഹമാണെന്ന് സംയോജിത ഗതാഗത കേന്ദ്രം അറിയിച്ചു.
3 ബസുവരെ മാറി കയറേണ്ട ദീർഘദൂര യാത്രക്കാർക്കാണ് കൂടുതൽ ഇളവ്. യാത്രക്കാരൻ ലക്ഷ്യസ്ഥാനത്ത് എത്താൻ ഒന്നിൽ കൂടുതൽ ബസുകൾ കയറുമ്പോൾ 2 ദിർഹം അടിസ്ഥാന നിരക്ക് ഒന്നിലധികം തവണ നൽകേണ്ടതില്ല എന്നതാണ് പരിഷ്കാരത്തിലെ പ്രധാന നേട്ടം. നിശ്ചിത സമയത്തിനകം ബസ് മാറി കയറിയാൽ മാത്രമെ ഈ ആനുകൂല്യം ലഭിക്കൂ.
പരമാവധി 3 ബസ്സുകളിൽ സൗജന്യമാറ്റം അനുവദിക്കും. എന്നാൽ എതിർദിശയിലേക്കുള്ള യാത്രയ്ക്ക് ഈ ഇളവില്ല. ‘ഹാഫിലാത്ത്’ സ്മാർട്ട് കാർഡ് വഴി പണമടച്ചാൽ യാത്ര തുടങ്ങിയതു മുതൽ അവസാനം ഇറങ്ങുന്നതുവരെയുള്ള ദൂരം കണക്കാക്കിയാണ് തുക ഈടാക്കുക.
സീസൺ പാസിന്റെ നിരക്കിലും നേരിയ വർധനയുണ്ട്. ആഴ്ചയിലേക്കുള്ള പാസിന് 35 ദിർഹമായും മാസത്തേക്കുള്ള പാസിന് 95 ദിർഹമായും വർധിപ്പിച്ചു.
+ There are no comments
Add yours