ദുബായ്: ലോക ഗവൺമെൻ്റ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ ഫെബ്രുവരി 14ന് ദുബായിലെത്തും. ആഗോളതലത്തിൽ സർക്കാരുകളുടെ ഭാവി മെച്ചപ്പെടുത്തുന്നതിനായുള്ള ഉച്ചകോടിയിൽ നടൻ ഷാരുഖ് ഖാൻ ആദ്യമായാണ് പങ്കെടുക്കുന്നത്.
‘ദ മേക്കിംഗ് ഓഫ് എ സ്റ്റാർ: എ കോൺവർസേഷൻ വിത്ത് ഷാരൂഖ് ഖാൻ’ എന്ന തലക്കെട്ടിൽ നടക്കുന്ന പരിപാടിയിൽ ഷാരുഖ് ഖാൻ സംവദിക്കും. സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും കരിയറിൽ നേടിയ വിജയത്തെ കുറിച്ചും പ്രഭാഷണം നടത്തും. 2023-ൽ ‘ജവാൻ’, ‘പത്താൻ’ തുടങ്ങിയ ബിഗ് ബജറ്റ് ആക്ഷൻ സാഹസികതയുൾപ്പെടെയുള്ള ഹിറ്റുകളുമായി അദ്ദേഹം മുന്നേറുകയാണ്. ‘ഡങ്കി’യാണ് ഏറ്റവുമൊടുവിൽ ചെയ്യ്ത സിനിമ.
ഹിന്ദി സിനിമയിൽ ഏകദേശം മൂന്ന് പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഷാരുഖ് ഖാൻ ലോകത്തിലെ തന്നെ മികച്ച നടൻമാരിൽ ഒരാളാണ്. ദുബായിൽ സ്വന്തമായി വീടുള്ള ഷാരുഖ് ഖാൻ എമിറേറ്റിലെ സ്ഥിരം സന്ദർശകനാണ്. കഴിഞ്ഞ വർഷം ഡിസംബറിൽ തൻ്റെ ‘ഡങ്കി’ എന്ന സിനിമയുടെ പ്രമോഷനായി ഖാൻ യുഎഇയിൽ എത്തിയിരുന്നു.
ഇന്ത്യയിലെ ഏറ്റവും ധനികനായ നടന്മാരിൽ ഒരാൾ കൂടിയാണ് അദ്ദേഹം. ടൈംസ് നൗവിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, അദ്ദേഹത്തിൻ്റെ ആസ്തി 63 ബില്യൺ രൂപ (760 ദശലക്ഷം ഡോളർ) ആണ്. മികച്ച നിർമ്മാതാവ് കൂടിയായ അദ്ദേഹം ഭാര്യ ഗൗരി ഖാനൊപ്പം റെഡ് ചില്ലീസ് എൻ്റർടൈൻമെൻ്റ് എന്ന കമ്പനിയുടെ ഉടമയാണ്.
ഖാനോടൊപ്പം ഖത്തർ അമീർ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽ തഹ്‌നി, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, തുർക്കി പ്രധാനമന്ത്രി റജബ് ത്വയ്യിബ് ഉർദുഗാൻ തുടങ്ങി നിരവധി പ്രമുഖ രാഷ്ട്രത്തലവന്മാർ ഉച്ചകോടിയിൽ പങ്കെടുക്കും.
+ There are no comments
Add yours