സൗദി അറേബ്യയിൽ കോടികളുടെ സ്വർണ നിക്ഷേപം ഉണ്ടെന്ന് ഉറപ്പിച്ച് അധികൃതർ; ഖനിയിൽ പരിശോധന തുടരുന്നു

0 min read
Spread the love

റിയാദ്: സൗദി അറേബ്യ എന്ന് കേൾക്കുമ്പോൾ തന്നെ മനസിൽ വരുന്നത് പുണ്യഭൂമിയും എണ്ണയും ഒട്ടകവും ഈന്തപ്പഴവുമെല്ലാമാണ്. എണ്ണയാണ് സൗദിയുടെ പ്രധാന വരുമാന മാർഗം. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ എണ്ണയ്ക്ക് വേണ്ടി കൂടുതൽ ആശ്രയിക്കുന്ന രാജ്യങ്ങളിലൊന്ന് സൗദിയാണ്. എന്നാൽ ഇനി സൗദി അറേബ്യയെ എണ്ണയ്ക്ക് വേണ്ടി മാത്രമല്ല, സ്വർണത്തിന് വേണ്ടി കൂടി ആശ്രയിക്കേണ്ടി വരുമോ എന്ന ചോദ്യമാണ് ഉയരുന്നത്.

സൗദി അറേബ്യയിൽ വലിയ സ്വർണ ഖനി കണ്ടെത്തിയിരിക്കുന്നു. വിശദമായ പരിശോധനയിൽ കോടികളുടെ സ്വർണ നിക്ഷേപം ഉണ്ടെന്ന് ഉറപ്പിച്ചിരിക്കുകയാണ് അധികൃതർ. വൈകാതെ ഖനനം ആരംഭിക്കാൻ സാധിക്കുമെന്നും അവർ പ്രതീക്ഷിക്കുന്നു. ബൃഹദ് പ്രൊജക്ടുകൾക്ക് തുടക്കമിടുന്ന സൗദി ഭരണകൂടത്തിന് ആശ്വാസം നൽകുന്ന വിവരമാണിപ്പോൾ വന്നിരിക്കുന്നത്.

സൗദി അറേബ്യയുടെ ഖനന കമ്പനിയാണ് മഅദിൻ. മക്കയോട് ചേർന്ന മൻസൂറ അസ്സാറ സ്വർണ ഖനിയിൽ ഇവർ ഗവേഷണം നടത്തിവരികയായിരുന്നു. നേരത്തെയുള്ള സ്വർണ ഖനിയോട് അധികം വിദൂരത്തിലല്ലാതെയാണ് പുതിയ സ്വർണ നിക്ഷേപം കണ്ടെത്തിയിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. 2022ൽ ആരംഭിച്ച ഗവേഷണത്തിനിടെ ആദ്യമായിട്ടാണ് ഇത്രയും വലിയ സ്വർണ ഖനി കണ്ടെത്തുന്നത്.

സൗദിയിലെ മണ്ണിനടിയിൽ വൻതോതിലുള്ള ധാതു നിക്ഷേപമുണ്ട് എന്നതിന്റെ സൂചനയാണിത് എന്ന് മഅദിൻ സിഇഒ റോബർട്ട് വിൽറ്റ് പ്രതികരിച്ചു. വിഷൻ 2030 പദ്ധതിയുടെ ഭാഗമായി രാജ്യത്ത് വലിയ തോതിലുള്ള പരിഷ്‌കരണങ്ങൾ നടക്കുന്ന വേളയിൽ സർക്കാർ പ്രൊജക്ടുകൾക്ക് വേഗത നൽകുന്നതാണ് പുതിയ കണ്ടെത്തൽ എന്നും അദ്ദേഹം പറഞ്ഞു. ലോക ജനത സ്വർണത്തിന് വേണ്ടി സൗദിയെ ആശ്രയിക്കുന്ന അവസ്ഥയിലേക്കെത്തുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു.

മൻസൂറ മസ്സാറയോട് ചേർന്നുള്ള പ്രദേശങ്ങളിൽ കൂടുതൽ സ്വർണ നിക്ഷേപമുണ്ടെന്ന് നേരത്തെ പ്രവചനങ്ങളുണ്ടായിരുന്നു. ഇത് ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തൽ. മൻസൂറയിൽ നിന്നു 100 കിലോമീറ്റർ തെക്കുള്ള ഉറുഖ് സൗത്ത് എന്ന പ്രദേശത്താണ് സ്വർണ ഖനി കണ്ടെത്തിയത്. ഇവിടെ ഇനിയും പരിശോധനകൾ തുടരും.

മൻസൂറ മസ്സാറയുടെ 25 കിലോമീറ്റർ വടക്കുള്ള ജബൽ ഗദറ, ബിർ തവിലാ എന്നിവിടങ്ങളിലേക്കും പരിശോധനകൾ വ്യാപിപ്പിച്ചിട്ടുണ്ട്. മൻസൂറയിൽ 70 ലക്ഷം ഔൺസ് സ്വർണമുണ്ടെന്നാണ് നേരത്തെ കരുതിയിരുന്നത്. രണ്ടര ലക്ഷം ഓൺസ് പ്രതിവർഷം ഉൽപ്പാദിപ്പിക്കാൻ സാധിക്കുമെന്നും കമ്പനി വിലയിരുത്തിയിരുന്നു. മദീന മുനവ്വറ മേഖലയിൽ സ്വർണ്ണ, ചെമ്പ് ശേഖരമുണ്ടെന്ന് കഴിഞ്ഞ വർഷം സെപ്തംബറിൽ സൗദി ഭരണകൂടം കണ്ടെത്തിയിരുന്നു.

You May Also Like

More From Author

+ There are no comments

Add yours