ടെഹ്‌റാൻ: തക്കൻ ഇറാനിയൻ നഗരമായ ബന്ദർ അബ്ബാസിലെ ഷഹീദ് രജായി തുറമുഖത്തുണ്ടായ അത്യുഗ്ര സ്‌ഫോടനത്തിൽ 14 പേർക്ക് ജീവൻ നഷ്ടമായതായി ഇറാൻ അറിയിച്ചു. 750 പേർ പരിക്കുകളോടെ ആശുപത്രിയിൽ എന്നും ഇറാൻ വ്യക്തമാക്കി.
പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയർന്നേക്കുമെന്ന് ആശങ്കയുണ്ട്. സ്‌ഫോടന കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. ഇന്ധന ടാങ്കർ പൊട്ടിത്തെറിച്ചതോ രാസവസ്തുക്കൾ നിറഞ്ഞ കണ്ടെയ്നറുകൾ പൊട്ടിത്തെറിച്ചതോ ആകാം അപകടകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നത്. എന്നാൽ ഇക്കാര്യം ഇറാൻ സ്ഥിരീകരിച്ചിട്ടില്ല.
സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഇറാൻ പ്രസിഡന്റ് ഉത്തരവിട്ടു. സ്‌ഫോടന കാരണം അന്വേഷിക്കുന്നുവെന്നും യാഥാർത്ഥ്യം ഉടൻ തന്നെ കണ്ടെത്തുമെന്നും ഇറാൻ വ്യക്തമാക്കി.
സ്‌ഫോടനത്തിന് പിന്നാലെ ബന്ദർ അബ്ബാസ് തുറമുഖത്തിന്റെ പ്രവർത്തനം നിർത്തിവച്ചിട്ടുണ്ട്. സ്‌ഫോടനത്തിൽ പ്രദേശത്തെ നിരവഝി കെട്ടിടങ്ങൾക്കും സാരമായ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
വലിയ ഒരു പ്രദേശം മുഴുവൻ ഗ്ലാസ് ചില്ലുകളും മനുഷ്യ ശരീരത്തിന്റെ അവശിഷ്ടങ്ങളും ചിന്നിച്ചിതറിക്കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പരുക്കേറ്റവരുടെ രക്ഷാപ്രവർത്തനം ഏറെക്കുറെ പൂർത്തിയായതായാണ് വിവരം. ഇവരെ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
+ There are no comments
Add yours