യു.എ.ഇയിൽ പുതുവർഷാഘോഷങ്ങൾക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. പുതുവർഷാഘോഷങ്ങളുടെ ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തം പേരിൽ എഴുതിച്ചേർക്കാൻ ഒരുങ്ങുകയാണ് ദുബായ്. സ്വദേശികൾക്കും, വിദേശികൾക്കും, സന്ദർശകർക്കും ജീവിതത്തിൽ ഒരിക്കലും മറക്കാനാകാത്ത പുതുവർഷാഘോഷങ്ങളാണ് ദുബായ് ഒരുക്കിയിരിക്കുന്നത്.
ഒരൊറ്റ രാവ്, ഏഴ് പുതുവർഷാഘോഷം
ഒരു രാത്രിയിൽ ഏഴു തവണ പുതുവർഷം ആഘോഷിക്കാൻ ദുബായ് ഗ്ലോബൽ വില്ലേജ് ഒരുങ്ങിക്കഴിഞ്ഞു. രാത്രി 8 മുതൽ 1 മണിവരെ നീളുന്നതാണു വമ്പൻ പുതുവൽസരാഘോഷം. രാത്രി എട്ടിന് ചൈനയിൽ പുതുവർഷം പിറക്കുമ്പോൾ ഗ്ലോബൽ വില്ലേജിന്റെ മാനത്തും ആഘോഷത്തിന്റെ അമിട്ടു പൊട്ടും. പിന്നാലെ വിവിധ ടൈം സോണുകളിലെ രാജ്യങ്ങളുടെ പുതുവൽസരാഘോഷത്തിന്റെ വരവാണ്.

പ്രാദേശിക സമയം രാത്രി 10.30ന് ഇന്ത്യൻ പുതുവൽസരാഘോഷവും രാത്രി 12ന് യുഎഇയുടെ പുതുവൽസരാഘോഷവും നടക്കും. ഒരു മണിക്ക് തുർക്കിയുടെ ആഘോഷത്തോടെ പുതുവൽസര പരിപാടികൾക്ക് കൊടിയിറങ്ങും.
ദുബായ് ഗ്ലോബൽ വില്ലേജിൽ ഉൾപ്പെടെ ഒരുക്കിയിരിക്കുന്ന വെടിക്കെട്ടുകൾ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ. കരിമരുന്ന് പ്രയോഗങ്ങളും അമിട്ടുകളുമുൾപ്പെടെ വമ്പൻ വെടിക്കെട്ടാണ് നടക്കാൻ പോകുന്നത്. ഏഴ് രാജ്യങ്ങളുടെ പുതുവത്സരാഘോഷങ്ങൾക്കൊപ്പം വെടിക്കെട്ടും നടക്കും
സമയക്രമം
ചൈന – 8 PM
തായ്ലൻഡ് – 9 PM
ബംഗ്ലാദേശ് – 10.00
ഇന്ത്യ – 10.30
പാക്കിസ്ഥാൻ – 11.00 PM
യുഎഇ – 12.00 PM
തുർക്കി – 1.00 AM

പുതുവർഷാഘോഷം മാത്രമല്ല, ഗ്ലോബൽ വില്ലേജിൽ രസകരമായ ഒരുപാട് പരിപാടികളും കാഴ്ചകളും എന്നത്തെയും പോലെ ഈ വർഷവും ഉണ്ട്. 90 വൈവിധ്യമാർന്ന ലോക സംസ്‌കാരങ്ങൾ, 3500-ലധികം ഷോപ്പിംഗ് ഔട്ട്‌ലെറ്റുകൾ, 250-ലധികം ഡൈനിംഗ് ഓപ്ഷനുകൾ, 40ൽ കൂടുതൽ രാജ്യങ്ങളിൽ നിന്നുള്ള പ്രകടനങ്ങൾ, 195-ലധികം റൈഡുകൾ, ഗെയിമുകൾ, എന്നിങ്ങനെ കാഴ്ചക്കാരെ പിടിച്ചു നിർത്തുന്ന ഒരുപാട് കാര്യങ്ങൾ ഇവിടെയുണ്ട്.
കരിമരുന്ന് പ്രയോഗം, ഡ്രോൺ പ്രദർശനം, ലേസർ ഷോ
കരിമരുന്ന് പ്രയോഗം, ഡ്രോൺ പ്രദർശനം, ലേസർ ഷോ, സ്റ്റേജ് പരിപാടികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പരിപാടികളാണ് രാജ്യവ്യാപകമായി ആസൂത്രണം ചെയ്തിട്ടുള്ളത്. അൽ വത്ബയിലെ ശൈഖ് സായിദ് ഉത്സവനഗരിയിൽ 60 മിനിറ്റ് ദൈർഘ്യത്തിലുള്ള കരിമരുന്ന് പ്രയോഗത്തിലൂടെ പുതിയ റെക്കോഡ് സൃഷ്ടിക്കും. 5000-ത്തിലേറെ ഡ്രോണുകൾ ഉപയോഗിച്ചുള്ള പ്രദർശനവും ആസ്വദിക്കാം. ദ ബീച്ച്, ജെ.ബി.ആർ., ബ്ലൂ വാട്ടേഴ്‌സ് എന്നിവിടങ്ങളിലെ ഡ്രോൺ പ്രദർശനങ്ങൾ ആഘോഷപരിപാടികൾക്ക് പകിട്ടേകും. ഡ്രോണുകൾകൊണ്ട് ദുബായിയുടെ ഭൂതകാലവും ഭാവിയിലേക്കുള്ള കാഴ്ചപ്പാടും ആവിഷ്‌കരിക്കും. 10,000-ത്തിലേറെ ഡ്രോണുകൾ ഉപയോഗിച്ച് ഏറ്റവും ദൈർഘ്യമേറിയ നേർരേഖാ ഡ്രോൺ പ്രദർശനവും നടക്കും
അബുദാബിയിൽ ഒരുമണിക്കൂർ ദൈർഘ്യമുള്ള വെടിക്കെട്ട്
അബുദാബി അൽവത്ബയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ രാത്രി 12 മണിമുതൽ 1 മണിവരെ ഒരു മണിക്കൂർ നീളുന്ന വെടിക്കെട്ട് നടക്കും. യുഎഇ ചരിത്രത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത കരിമരുന്ന് പ്രയോഗത്തിനാണ് സ്വദേശികളും വിദേശികളും സാക്ഷ്യം വഹിക്കുക. അബുദാബി കോർണിഷ്, അൽമർയ ഐലൻഡ്, ഹുദൈരിയാത്ത്, അൽഐൻ, അൽദഫ്ര എന്നിവിടങ്ങളിലും ആകാശത്ത് കരിമരുന്ന് പ്രയോഗങ്ങൾ നടക്കും. എമിറേറ്റ്സ് ഫൗണ്ടനിലെ ലേസർ, മ്യൂസിക് ഷോകളും സന്ദർശകർക്ക് മികച്ച അനുഭവമാകും. കൂടാതെ ഒരുലക്ഷം ബലൂണുകൾ ഒന്നിച്ച് ആകാശത്തേക്ക് പറന്നുയരുന്നതും കാണാം. ആഘോഷങ്ങൾ തത്സമയം ആസ്വദിക്കാൻ ഫെസ്റ്റിവൽ സ്‌ക്വയറിന് പുറത്ത് വലിയ സ്‌ക്രീനുകൾ സ്ഥാപിക്കും.

ഗിന്നസ് വേൾഡ് റെക്കോർഡിന് കാത്തിരുന്ന് അബുദാബിയും
കരിമരുന്നിന്റെ അളവ്, സമയം, ഡിസൈൻ എന്നീ ഇനങ്ങളിൽ 3 ലോക റെക്കോർഡുകളും 5000 ഡ്രോണുകൾ അണിനിരക്കുന്ന ഡ്രോൺ ഷോയിലൂടെ മറ്റൊരു റെക്കോർഡും ഉൾപ്പെടെ 4 ഗിന്നസ് വേൾഡ് റെക്കോർഡുകളാണ് അബുദാബി കാത്തിരിക്കുന്നത്.
റാസൽഖെമയിൽ നാലര കി.മീ നീളത്തിൽ വെടിക്കെട്ട്
റാസൽഖൈമയിൽ അൽമർജാൻ ഐലൻഡ്(Almarjan Island) മുതൽ അൽഹംറ വില്ലേജ്(Alhamra Village) വരെ നാലര കി.മീ നീളത്തിലുള്ള വെടിക്കെട്ടാണ് ഒരുക്കിയിരിക്കുന്നത്. ലോങ്ങസ്റ്റ് സ്ട്രെയ്റ്റ് ലൈൻ ഡ്രോൺ ഡിസ്പ്ലേ(Longest Straight Line Drone Display), ലോങ്ങസ്റ്റ് ചെയിൻ ഓഫ് അക്വാറ്റിക് ഫ്ലോട്ടിങ് ഫയർ വർക്സ്(Longest chain of aquatic floating fire works) എന്നീ ഇനങ്ങളിലായിരിക്കും റെക്കോർഡ് പ്രകടനം. ആയിരത്തിലേറെ ഡ്രോണുകൾ അണിനിരക്കും.
റെക്കോർഡ് പ്രകടനങ്ങൾക്കു പുറമെ ബുർജ് ഖലീഫയിലേത് ഉൾപ്പെടെ ദുബായിൽ 32 ഇടങ്ങളിലായി 45 വെടിക്കെട്ടുകളും ഒരുക്കിയിട്ടുണ്ട്.
ബുർജ് ഖലീഫയിലെ പുതുവത്സരാഘോഷം
മുൻ വർഷങ്ങളിലുള്ളതിനെക്കാൾ മികച്ച വർണാഭമായ വെടിക്കെട്ടാണ് ബുർജ് ഖലീഫയിൽ ഇത്തവണ ഒരുക്കിയിരിക്കുന്നത്. പത്ത് മാസത്തെ തയ്യാറെടുപ്പിന് ശേഷമാണ് പുതുവർഷ രാവിൽ വെടിക്കെട്ട് നടക്കാൻ പോകുന്നത്. തയ്യാറെടുപ്പുകളുടെ ദൃശ്യങ്ങൾ മീഡിയ ഓഫീസ് പുറത്തുവിട്ടിരുന്നു. മാത്രമല്ല പുതുവർഷരാവിൽ ബുർജ് ഖലീഫയിലേയ്ക്ക് പോകുന്നവർക്കും വരുന്നവർക്കും സൗജന്യ ബസ് യാത്രയും പ്രഖ്യാപിച്ചിരിക്കുകയാണ് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി. ബുർജ് ഖലീഫയിൽ ആഘോഷങ്ങൾ നടക്കുന്ന പ്രദേശത്തേയ്ക്ക് മെട്രോ സ്റ്റേഷനുകളിൽ നിന്നും ടാക്‌സി സ്റ്റോപ്പുകളിൽ നിന്നും സൗജന്യമായി യാത്ര ചെയ്യാം. ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ചുള്ള ഫയർ, വാട്ടർ ഡിസ്‌പ്ളേയാണ് ബുർജ് ഖലീഫയിൽ ഒരുക്കിയിരിക്കുന്നത്.

പുതുവർഷാഘോഷത്തിനായി ദുബായ് നഗരസഭയുടെ 210 പാർക്കുകൾ ഒരുങ്ങി
പുതുവർഷം ആഘോഷിക്കാൻ നഗരസഭയുടെ 210 പാർക്കുകളും ഒരുങ്ങി. രാവിലെ എട്ടു മുതൽ പുലർച്ചെ ഒന്നുവരെ സന്ദർശകർക്ക് പാർക്കുകളിൽ പ്രവേശനമുണ്ട്. ദുബായ് ഫ്രെയിം ഉൾപ്പെടുന്ന സബീൽ പാർക്കിൽ രാത്രി 12ന് വൻ വെടിക്കെട്ടോട് കൂടിയാണ് ആഘോഷം. സഫ, ഉംസുഖീം, അൽഖൂസ് ലെയ്ക്ക് പാർക്ക് എന്നിവിടങ്ങളിലും വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പ്രധാന പാർക്കുകളിൽ അര ലക്ഷം പേരെയാണ് പ്രതീക്ഷിക്കുന്നത്. കുടുംബങ്ങൾക്ക് പ്രത്യേക സൗകര്യമുണ്ടായിരിക്കും.
എങ്ങും കനത്ത സുരക്ഷ
പുതുവത്സരാഘോഷത്തിന്റെ ഭാഗമായി യു.എ.ഇയിലെങ്ങും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരിക്കുന്നത്. ആഘോഷത്തിന്റെ ഭാഗമായി കൂടുതൽ സേനയെ രംഗത്തിറക്കി സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എമിറേറ്റിലെ ഏറ്റവും സുപ്രധാനമായ ഷെയ്ഖ് സായിദ് റോഡിൽ ഉൾപ്പെടെ നിയന്ത്രണവുമുണ്ട്. രാത്രി 9നു ശേഷം ഷെയ്ഖ് സായിദ് റോഡിൽ ഗതാഗതം പൂർണമായും നിർത്തുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. മുഹമ്മദ് ബിൻ റാഷിദ് ബുളിവാർഡ് റോഡ് 4ന് അടയ്ക്കും. ഫിനാൻഷ്യൽ റോഡിന്റെ ഏറ്റവും മുകളിലത്തെ നില രാത്രി 8നും താഴത്തെ നില വൈകുന്നേരം 4നും അടയ്ക്കും. എല്ലാ ആഘോഷ കേന്ദ്രങ്ങളിലുമായി 1300 സുരക്ഷാ വാഹനങ്ങളാണ് നൽകിയിരിക്കുന്നത്. 10000 പൊലീസ് ഉദ്യോഗസ്ഥരെയും സന്നദ്ധ സേവകരെയും നിയോഗിച്ചിട്ടുണ്ട്. ഇവർക്കു സഹായമായി ആർടിഎ, സിവിൽ ഡിഫൻസ്, ആംബുലൻസ് സേവനങ്ങളും ഒരുക്കി.
+ There are no comments
Add yours