അബുദാബി: അബുദാബിയിൽ വാഹനം ഓടിക്കാതിരിക്കുന്ന സമയത്ത് കാർ എഞ്ചിൻ ഓഫ് ചെയ്തില്ലെങ്കിൽ കനത്ത പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ് നൽകി അബുദാബി പോലീസ്.
വാഹനം റോഡരികിൽ പാർക്ക് ചെയ്ത ശേഷം പെട്രോൾ അടിക്കാനോ, മറ്റ് അവശ്യസാധനങ്ങൾ വാങ്ങാനോ, ഉദാഹരണത്തിന് പഴമോ പച്ചക്കറിയോ എന്തെങ്കിലും വാങ്ങാനോ, എടിഎമ്മിൽ നിന്ന് പണമെടുക്കാനോ ആയി പുറത്തിറങ്ങുമ്പോൾ കാർ എഞ്ചിൻ ഓഫ് ചെയ്തില്ലെങ്കിൽ 500 ദിർഹം പിഴ ചുമത്തും എന്നാണ് അബുദാബി പോലീസ് മുന്നറിയിപ്പിൽ പറയുന്നത്.
വാഹനങ്ങൾ മോഷണം പോകാതിരിക്കാൻ കൂടി വേണ്ടിയാണ് മുന്നറിയിപ്പെന്നും പോലീസ് പറയുന്നു. ചില ആളുകൾ വാഹനം ഓണാക്കി പുറത്തേക്ക് എന്തെങ്കിലും സാധനങ്ങൾ വാങ്ങാൻ പോകുമ്പോൾ തീരെ ചെറിയ കുഞ്ഞുങ്ങളെയും മുതിർന്ന കുഞ്ഞുങ്ങളെയും ഉൾപ്പെടെ വാഹനത്തിനുള്ളിൽ ഇരുത്തി പോകുന്ന സാഹചര്യമുണ്ടെന്നും ഇത്തരം കാര്യങ്ങൾ കുറ്റകരമാണെന്നും ട്രാഫിക് ആൻഡ് സെക്യൂരിറ്റി പട്രോൾസ് ഡയറക്ടറേറ്റ്(Traffic and Security Patrols Directorate) പറയുന്നു.
ജനുവരി 18ന് പുറത്തിറക്കിയ അബുദാബി പോലീസിന്റെ ഈ മുന്നറിയിപ്പിൽ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 5 പ്രകാരം പാർക്കിംഗ് നിരോധിച്ചിരിക്കുന്ന സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യുന്നതും, റോഡിൽ വാഹനം നിർത്തുമ്പോൾ എൻജിൻ ഓഫാക്കാതെ പോകുന്നതും കുറ്റകരമാണെന്ന് പറയുന്നു. മാത്രമല്ല ഇത്തരം സംഭവങ്ങളിലൂടെ കാൽനടയായി യാത്ര ചെയ്യുന്നവരുടെ സുരക്ഷ കൂടി ഉറപ്പാക്കേണ്ടതുണ്ടെന്നും മുന്നറിയിപ്പിൽ പോലീസ് വ്യക്തമാക്കുന്നു
+ There are no comments
Add yours