സൗദിയിലെ റിയാദ് ഇസ്‌കാനിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി മച്ചിലകത്ത് അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട കേസ് വീണ്ടും മാറ്റിവെച്ചു. അടുത്ത മാസം രണ്ടാം തീയ്യതിയിലേക്കാണ് കേസ് മാറ്റിയത്. റഹീം സഹായസമിതിയെ കോടതി ഇക്കാര്യം അറിയിച്ചു.
സൂക്ഷ്മപരിശോധനക്കും കൂടുതൽ പഠനത്തിനും സമയം ആവശ്യമാണെന്ന് കോടതി അറിയിച്ചു. ഇത് ആറാം തവണയാണ് കേസ് മാറ്റിവെക്കുന്നത്. റിയാദ് ക്രിമിനൽ കോടതിയിൽ നടക്കുന്ന സിറ്റിങ്ങിൽ കേസ് പരിഗണനക്കു വരുമ്പോൾ റഹീമിന്റെ ജയിൽമോചന ഉത്തരവ് ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.
ഡിസംബർ 30-ന് കോടതി കേസ് പരിഗണിച്ചിരുന്നു. കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് പറഞ്ഞായിരുന്നു ജനുവരി 15-ലേക്ക് മാറ്റിവെച്ചത്.
സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ കഴിഞ്ഞ 18 വർഷമായി റിയാദിലെ ഇസ്‌കാനിലെ ജയിലിൽ കഴിയുകയാണ് അബ്ദുൽ റഹീം. 2006 നവംബറിലാണ് സൗദി ബാലന്റെ കൊലപാതകക്കേസിൽ അബ്ദുൽ റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കുന്നതും വിചാരണക്കൊടുവിൽ റിയാദിലെ കോടതി വധശിക്ഷ വിധിച്ചതും. ഒന്നര കോടി സൗദി റിയാൽ (34 കോടിയിലേറെ ഇന്ത്യൻ രൂപ) ദിയാധനം(മോചനദ്രവ്യം) നൽകിയതിന്റെ പശ്ചാത്തലത്തിൽ നേരത്തെ കോടതി വധശിക്ഷ ഒഴിവാക്കിയിരുന്നു. പൊതു അവകാശ പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാവാത്തതിനാലാണ് മോചന ഉത്തരവ് നീളുന്നത്.
+ There are no comments
Add yours