അബ്ദുൽ റഹീമിൻ്റെ മോചനം വൈകും; കൂടുതൽ പഠനങ്ങൾ ആവശ്യം, കേസ് മാറ്റിവെച്ചു

1 min read
Spread the love

റിയാദ്: സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ 18 വർഷമായി റിയാദിലെ ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിൻറെ മോചനം വൈകും. ഇന്നലെ റിയാദ് ക്രിമിനൽ കോടതിയിൽ നടന്ന സിറ്റിങ്ങിൽ കേസ് പരിഗണിച്ചെങ്കിലും കൂടുതൽ പഠനങ്ങൾ ആവശ്യമാണെന്ന് പറഞ്ഞ് കേസ് മാറ്റിവെച്ചു.

ജനുവരി 15ന് രാവിലെ എട്ടുമണിയ്ക്കായിരിക്കും ഇനി കേസ് പരി​ഗണിക്കുക. അന്ന് മോചനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. റഹീമിന്റെ മോചന കാര്യത്തിൽ തീരുമാനമെടുക്കാനുള്ള അഞ്ചാമത്തെ സിറ്റിങാണ് ഇന്നലെ നടന്നത്. ഈ മാസം 12ന് നടക്കേണ്ടിയിരുന്ന സിറ്റിങ് സാങ്കേതിക തടസങ്ങളെ തുടർന്ന് ഡിസംബർ 30ലേക്ക് മാറ്റുകയായിരുന്നു.

34 കോടിയിലേറെ രൂപ ദയാധനം നൽകിയതിനെ തുടർന്ന് അബ്ദുറഹീമിന്റെ വധശിക്ഷ ഒഴിവാക്കിയെങ്കിലും പബ്ലിക് റൈറ്റ്സ് പ്രകാരമുള്ള കേസിൽ തീർപ്പുണ്ടാക്കത്തതിനാൽ മോചന കാര്യത്തിൽ അനിശ്ചിതത്വം തുടർന്നിരുന്നു. തുടർന്ന് റിയാദ് ജയിലിൽ കഴിയുകയാണ് അബ്ദു റഹീം. 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് റിയാദ് അൽ ഖർജ് റോഡിലെ അൽ ഇസ്‌കാൻ ജയിലിലെത്തി അബ്ദുൽ റഹീമും മാതാവ് ഫാത്തിമയും കഴിഞ്ഞ തിങ്കളാഴ്ച നേരിൽ കണ്ടു സംസാരിച്ചിരുന്നു.

അബ്ദുൽ റഹീം തന്റെ 26ാം വയസ്സിൽ 2006-ലാണ് ഹൗസ് ഡ്രൈവർ വിസയിൽ റിയാദിൽ എത്തിയത്. സ്പോൺസർ ഫായിസ് അബ്ദുല്ല അബ്ദുൽ റഹ്മാന് അല് ഷഹ്രിയുടെ മകൻ അനസിനെ പരിചരിക്കലായിരുന്നു പ്രധാന ജോലി. കഴുത്തിന് താഴെ ചലനശേഷി ഇല്ലാതിരുന്ന അനസിന് ഭക്ഷണം നൽകിയിരുന്നത് കഴുത്തിൽ ഘടിപ്പിച്ച ഉപകരണം വഴിയായിരുന്നു.

ഷോപ്പിംഗിനായി പുറത്തു പോകുമ്പോൾ ട്രാഫിക് സിഗ്നൽ കട്ട് ചെയ്യാൻ ആവശ്യപ്പെട്ട് അനസ് റഹീമിനോട് വഴക്കിട്ടു. ഇത് അനുസരിക്കാതിരുന്ന അബ്ദുൽ റഹീമിന്റെ മുഖത്ത് അനസ് പല തവണ തുപ്പി. ഇത് തടയാൻ ശ്രമിച്ചപ്പോൾ അബദ്ധത്തിൽ കൈ കഴുത്തിലെ ഉപകരണത്തിൽ തട്ടുകയും അനസ് ബോധരഹിതനാകുകയും മരിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ സൗദി പൊലീസ് റഹീമിനെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

You May Also Like

More From Author

+ There are no comments

Add yours