ശനിയാഴ്ച രാത്രി 300-ലധികം ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് വലിയ തോതിലുള്ള ആക്രമണമാണ് ഇറാൻ ഇസ്രയേലിനെതിരെ നടത്തിയത്. സിറിയയിലെ കോൺസുലേറ്റിന് നേരെയുണ്ടായ ആക്രമണത്തിന് ശേഷമുള്ള തിരിച്ചടിയാണിതെന്നാണ് സൂചന. രണ്ട് പ്രധാന എതിരാളികൾ തമ്മിൽ വർഷങ്ങളായി ശീതയുദ്ധം നടക്കുന്നുണ്ടെങ്കിലും ഇതാദ്യമായാണ് മുഖാമുഖം പോരാട്ടം.
ഇസ്രാഈലിനെതിരായ ‘ഓപ്പറേഷൻ ഹോണസ്റ്റ് പ്രോമിസ്’ എന്ന ഡ്രോൺ, മിസൈൽ ആക്രമണത്തിലൂടെ എല്ലാ ലക്ഷ്യങ്ങളും നേടിയതായി ഇറാൻ സൈന്യം അറിയിച്ചു. ആക്രമണങ്ങൾ വിജയകരമായി പൂർത്തിയാക്കിയെന്നും എല്ലാ ലക്ഷ്യങ്ങളും നേടിയെടുത്തുവെന്നും ഇറാനിയൻ സായുധ സേനയുടെ ചീഫ് ഓഫ് സ്റ്റാഫ് മുഹമ്മദ് ബഗേരിയെ ഉദ്ധരിച്ച് സ്റ്റേറ്റ് ടിവി റിപ്പോർട്ട് ചെയ്‌തു.
170 ഡ്രോണുകളും 30-ലധികം ക്രൂയിസ് മിസൈലുകളും 120-ലധികം ബാലിസ്റ്റിക് മിസൈലുകളും ഇറാൻ തൊടുത്തുവിട്ടതായി ഇസ്രായേൽ ഡിഫൻസ് ഫോഴ്‌സ് (IDF) വക്താവ് റിയർ അഡ്മിറൽ ഡാനിയൽ ഹഗാരി പറഞ്ഞു. അവയിൽ, നിരവധി ബാലിസ്റ്റിക് മിസൈലുകൾ ഇസ്രാഈൽ പ്രദേശത്തെത്തി, ഒരു വ്യോമതാവളത്തിന് ചെറിയ കേടുപാടുകൾ വരുത്തി. 300-ലധികം ക്രൂയിസ് മിസൈലുകളും ഡ്രോണുകളും തടഞ്ഞിട്ടുണ്ടെന്ന് ഇസ്രാഈൽ സൈന്യം പറയുന്നു.
ഏപ്രിൽ ഒന്നിന് ഡമാസ്‌കസ് എംബസി വളപ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ രണ്ട് മുതിർന്ന ഇറാനിയൻ കമാൻഡർമാരെയും മറ്റ് ഉന്നത സേനാംഗങ്ങളെയും കൊലപ്പെടുത്തിയതിന് പ്രതികാരം ചെയ്യുമെന്ന് ഇറാൻ വ്യക്തമാക്കിയതിന് പിന്നാലെയാണ് ആക്രമണം. ലെബനനിലെയും സിറിയയിലെയും മറ്റിടങ്ങളിലെയും ഇറാൻ അനുകൂല ഗ്രൂപ്പുകളെ ആശ്രയിക്കുന്നതിനുപകരം, ഇറാനിൽ നിന്ന് നേരിട്ട് ഇസ്രാഈലിനെതിരെ ആക്രമണം നടന്നുവെന്ന പ്രത്യേകതയും ഇതിനുണ്ട്. ആദ്യമായാണ് ഇസ്രയേലിനുനേരെ ഇറാൻ നേരിട്ട് ആക്രമണം നടത്തുന്നത്. ഇസ്രയേൽ തിരിച്ചടിച്ചില്ലെങ്കിൽ ആക്രമണം അവസാനിച്ചതായി കണക്കാക്കുമെന്ന് ഇറാൻ പറയുന്നു.
ഇറാൻ ആക്രമണത്തിന് ശേഷം, ഇസ്രയേൽ പ്രധാനമന്ത്രി യുദ്ധമന്ത്രിസഭയുടെ യോഗം വിളിച്ചു. ഇതിനുശേഷം അദ്ദേഹം യുഎസ് പ്രസിഡൻ്റ് ജോ ബൈഡനുമായി ഫോണിൽ സംസാരിച്ചു. പ്രതിരോധപരമോ ആക്രമണാത്മകമോ ആയ ഏത് സാഹചര്യത്തിനും തങ്ങൾ തയ്യാറാണെന്നും അമേരിക്കയ്‌ക്കൊപ്പം ബ്രിട്ടനെയും ഫ്രാൻസിനെയും മറ്റ് നിരവധി രാജ്യങ്ങളെയും ഞങ്ങളെ പിന്തുണച്ചതിന് നന്ദി അറിയിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു.
ഇറാൻ ഇസ്രയേലിനെ ആക്രമിച്ചാൽ ഇറാനിൽ തന്നെ തിരിച്ചടിക്കുമെന്ന് ഈ ആഴ്ച ആദ്യം ഇസ്രയേൽ പ്രതിരോധ മന്ത്രിമാരും വിദേശകാര്യ മന്ത്രിമാരും മുന്നറിയിപ്പ് നൽകിയിരുന്നു. ഇസ്രയേലിൽ നിന്ന് 1800 കിലോമീറ്റർ അകലെയാണ് ഇറാൻ. അതിനിടെ ഇസ്രാഈൽ, ലെബനൻ, ഇറാഖ് എന്നിവ അവരുടെ വ്യോമാതിർത്തി അടച്ചു, സിറിയയും ജോർദാനും വ്യോമ പ്രതിരോധ സംവിധാനങ്ങൾ ജാഗ്രതയിലാക്കി. ഇസ്രാഈൽ ലക്ഷ്യമാക്കി ഇറാൻ ഡ്രോണുകളും മിസൈലുകളും തൊടുത്തതോടെ യുദ്ധഭീതിയിലാണ് പശ്ചിമേഷ്യ. യു.എൻ സുരക്ഷ കൗൺസിൽ അടിയന്തര യോഗം വിളിച്ചുചേർത്തിട്ടുണ്ട്.
+ There are no comments
Add yours