കനത്ത മഴയും ആലിപ്പഴ വർഷവും എമിറേറ്റിനെ പൊതിഞ്ഞിരിക്കുകയാണ്. ഇതുവരെ അനുഭവിക്കാത്ത, കാണാത്ത കാലാവസ്ഥയിലേക്കാണ് യു.എ.ഇ നഗരം ഇന്ന് ഉറക്കമുണർന്നത്. ഇടി മിന്നലും ശക്തമായ മഴയും കൂടി ആയതോടെ കാലാവസ്ഥ മാറ്റം പ്രവചിക്കപ്പെട്ടത് പോലെ തന്നെ യാഥാർഥ്യമായി. ഇന്ന് പുലർച്ചെ 3.45 ഓടെ എമിറേറ്റിലുടനീളം കനത്ത മഴ പെയ്തതായാണ് റിപ്പോർട്ട്. അതേസമയം, അബുദാബിയുടെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ആലിപ്പഴ വർഷത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാവുകയാണ്. അൽ ദഫ്ര മേഖല, അൽ വത്ബ, മുഹമ്മദ് ബിൻ സായിദ് സിറ്റി, അൽ ഐനിലെ സ്വീഹാൻ എന്നിവിടങ്ങളിൽ പുലർച്ചെ 3.36 നും 5.15 നും ഇടയിൽ ആലിപ്പഴ വർഷം രേഖപ്പെടുത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

യുഎഇയിൽ ഉടനീളം അസ്ഥിരമായ കാലാവസ്ഥ തുടരുമെന്ന് ചൂണ്ടിക്കാട്ടി നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി (എൻസിഎം) ഓറഞ്ച് കാലാവസ്ഥ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് വൈകുന്നേരം 6 മണി വരെ യുഎഇയുടെ മിക്ക ഭാഗങ്ങളിലും മഴയ്ക്ക് സാധ്യതയുണ്ട്. ആന്തരിക, തീരപ്രദേശങ്ങളിൽ മിന്നൽ, ഇടി, ആലിപ്പഴം, ശക്തമായ കാറ്റ് എന്നിവയ്‌ക്കൊപ്പം മഴയുമായി ബന്ധപ്പെട്ട സംവഹന മേഘങ്ങളും കാണാമെന്ന് എൻസിഎം മുന്നറിയിപ്പ് നൽകി.

+ There are no comments
Add yours