ദുബായിൽ വിവിധ സ്കൂൾ പദ്ധതികൾക്കായി 530 ദശലക്ഷം ദിർഹം അനുവദിച്ച് ഷെയ്ഖ് ഹംദാൻ

1 min read
Spread the love

ദുബായ്: ദുബായിലെ വിവിധ സ്കൂൾ പദ്ധതികൾക്കായി 530 ദശലക്ഷം ദിർഹം അനുവദിച്ചിരിക്കുകയാണ് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ്. ദുബായ് സ്‌കൂൾ പദ്ധതി വിപുലീകരണത്തിൻ്റെ ഭാഗമായി ഈ വർഷം രണ്ട് പുതിയ സ്കൂളുകൾ ദുബായിൽ തുറക്കും.

2024-25 അധ്യയന വർഷത്തിൽ വിദ്യാർത്ഥികളുടെ ആദ്യ ബാച്ചിനെ സ്വീകരിക്കാൻ സാധിക്കുന്ന രീതിയിൽ അൽ ഖവാനീജിലും അൽ ബർഷയിലുമായി സ്കൂളുകൾ സ്ഥാപിക്കുമെന്ന് ദുബായ് മീഡിയ ഓഫീസ് അറിയിച്ചു.

2021-ൽ ആരംഭിച്ച ദുബായ് സ്‌കൂൾ പദ്ധതി, താങ്ങാനാവുന്ന ചെലവിൽ ദേശീയത ഉയർത്തിപ്പിടിച്ചു കൊണ്ട് തന്നെ ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം എമിറേറ്റുകൾക്ക് നൽകാൻ ലക്ഷ്യമിടുന്നു.

ഈ പദ്ധതിക്ക് കീഴിൽ വരുന്ന സ്കൂളുകൾ ദുബായിലെ സ്വകാര്യ വിദ്യാഭ്യാസ റെഗുലേറ്ററായ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റിയാണ് നിയന്ത്രിക്കുന്നത്.

ചൊവ്വാഴ്ച ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് സ്‌കൂൾ പദ്ധതിയുടെ 530 ദശലക്ഷം ദിർഹം വിപുലീകരണത്തിന് അംഗീകാരം നൽകി. വിപുലീകരണത്തിൻ്റെ ഭാഗമായി എമിറേറ്റുകളിലുടനീളമുള്ള സ്കൂളുകളിൽ 6,400 സീറ്റുകളും 295 ക്ലാസ് മുറികളും 123 ലബോറട്ടറികളും പ്രത്യേക ക്ലാസ് മുറികളും നിർമ്മിക്കും. 2033 ഓടെ ദുബായ് സ്‌കൂളുകളിൽ ക്ലാസ് റൂം സീറ്റുകളുടെ എണ്ണം 15,000 ആയി ഉയർത്താനാണ് പദ്ധതി ലക്ഷ്യമിടുന്നത്.

വൈസ് പ്രസിഡൻ്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ആരംഭിച്ച ദുബായ് സോഷ്യൽ അജണ്ട 33-ൻ്റെ ഭാഗമായാണ് ഈ വിപുലീകരണം.

“വിദ്യാഭ്യാസം കുട്ടികളിൽ വളർത്തിയെടുക്കുന്നതിലൂടെ, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ഈ ലോകത്ത് അഭിവൃദ്ധി പ്രാപിക്കാൻ ആവശ്യമായ വൈദഗ്ധ്യവും അറിവും ഉപയോഗിച്ച് യുവാക്കളെ സജ്ജരാക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്,” ഷെയ്ഖ് ഹംദാൻ പറഞ്ഞു.

അൽ ഖവാനീജിലെ പുതിയ സ്കൂൾ 446,720 ചതുരശ്ര അടി വിസ്തീർണ്ണമുള്ളതാണ്, കൂടാതെ കിൻ്റർഗാർടൻ മുതൽ 12ാം ക്ലാസ്സ് വരെയുള്ള 4,028 വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ സാധിക്കുന്നതാണ്.

149 ക്ലാസ് മുറികൾ, അത്യാധുനിക സാങ്കേതികവിദ്യയുള്ള 71 ലബോറട്ടറികൾ, സെമി ഒളിമ്പിക് പൂൾ ഉൾപ്പെടെ മൂന്ന് ഇൻഡോർ പൂളുകൾ – ഇൻഡോർ സ്‌പോർട്‌സ് ഹാളുകൾ, ഫുട്‌ബോൾ പിച്ച്, അഞ്ച് ഔട്ട്‌ഡോർ കോർട്ടുകൾ എന്നിവയും ഇതിലുണ്ടാകും.

11,800 ചതുരശ്ര അടി വിസ്തീർണമുള്ള ലൈബ്രറിയും സ്‌കൂളിലുണ്ടാകും.

You May Also Like

More From Author

+ There are no comments

Add yours