സൗദി അറേബ്യ തങ്ങളുടെ വിമാനത്താവളങ്ങളും എയർ ലൈനുകളും നവീകരിക്കാൻ ഒരുങ്ങുകയാണ്. സൗദി വിഷൻ 2030 ന്റെ ഭാഗമായാണ് പുതിയ തീരുമാനം. വിമാനത്താവളവും എയർലൈനുകളും നവീകരിക്കുന്നതിനായി രാജ്യത്തിന്റെ സാമ്പത്തിക വികസനത്തെ പിന്തുണയ്ക്കാൻ ലോകമെമ്പാടുമുള്ള നിക്ഷേപകരെയും ക്ഷണിക്കുകയാണെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ (GACA) പ്രസിഡന്റ് അബ്ദുൽ അസീസ് അൽ ദുവൈലെജ്(Abdulaziz Al Duailej) പറഞ്ഞു.
ഈ പദ്ധതി പ്രകാരം മൂന്ന് ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന ഒരു പ്രമുഖ പ്രാദേശിക കേന്ദ്രമായും ആഗോള ലോജിസ്റ്റിക് പ്ലാറ്റ്‌ഫോമായും മാറുക എന്നതാണ് സൗദി അറേബ്യയുടെ ലക്ഷ്യം. 2030-ഓടെ സൗദി വിമാനത്താവളങ്ങൾ 330 മില്യൺ വിമാന യാത്രക്കാരെ ലക്ഷ്യമിടുകയും 100 ബില്യൺ ഡോളർ നിക്ഷേപം ആകർഷിക്കുകയും ചെയ്യുമെന്നാണ് കണക്ക് കൂട്ടൽ.
ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (ഫിക്കി) സഹകരണത്തോടെ ഇന്ത്യൻ വ്യോമയാന മന്ത്രാലയം സംഘടിപ്പിച്ച (വിംഗ്‌സ് ഇന്ത്യ 2024) എക്‌സിബിഷൻ കോൺഫറൻസിനോടനുബന്ധിച്ച് നടന്ന മന്ത്രിതല സെഷനിൽ പങ്കെടുക്കുന്നതിനിടെയാണ് അബ്ദുൽ അസീസ് അൽ ദുവൈലെജ് ഈ പ്രസ്താവന നടത്തിയത്. 2024 ജനുവരി 18 മുതൽ 21 വരെ ഹൈദരാബാദിലെ ബേഗംപേട്ട് എയർപോർട്ടിലാണ് പരിപാടി നടക്കുന്നത്.
സൗദി അറേബ്യയിൽ സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കുന്നതിലും സുസ്ഥിര വികസനം കൈവരിക്കുന്നതിലും സിവിൽ ഏവിയേഷൻ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അൽ ദുവൈലെജ് പറഞ്ഞു.
29 വിമാനത്താവളങ്ങളിലൂടെ ലോകമെമ്പാടുമുള്ള 250 ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് സൗദിയുടെ എയർ കണക്റ്റിവിറ്റിയുടെ വ്യാപ്തി വർദ്ധിപ്പിക്കുന്നതിന് വിമാനത്താവളങ്ങൾ, എയർലൈനുകൾ, വിമാനങ്ങൾ, ഷിപ്പിംഗ്, ലോജിസ്റ്റിക് സേവനങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ നവീകരിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള സമഗ്രമായ പദ്ധതിയും ഉടൻ നടപ്പിലാക്കുമെന്നും അൽ ദുവൈലെജ് വ്യക്തമാക്കി.
+ There are no comments
Add yours