ഇസ്രായേലിനെതിരെ കടുത്ത ഭാഷയില്‍ സൗദി കിരീടവകാശി

1 min read
Spread the love

സൗദി അറേബ്യ: ഇസ്രായേലുമായി സൗദി അറേബ്യ അടുക്കുന്നു എന്ന ആരോപണങ്ങള്‍ക്കിടെ ശക്തമായ നിലപാടുമായി രം​ഗത്തെത്തിയിരിക്കുകയാണ് സൗദി കിരീടവകാശി. ഇസ്രായേലിനെതിരെ ഇത്രയും കടുത്ത ഭാഷയില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സംസാരിക്കുന്നത് ആദ്യമാണ് എന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രായേലുമായുള്ള സൗദിയുടെ ഐക്യചര്‍ച്ച താല്‍ക്കാലികമായി നിര്‍ത്തി എന്ന് നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു. ഒക്ടോബര്‍ 27ന് ഹമാസ് ഇസ്രായേലിനെതിരെ ശക്തമായ ആക്രമണം നടത്തിയത് സൗദി-ഇസ്രായേല്‍ ചര്‍ച്ചകള്‍ ഇല്ലാതാക്കാന്‍ വേണ്ടിയാണ് എന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ആരോപിച്ചിരുന്നു.

യുഎഇ, ബഹ്‌റൈന്‍ എന്നീ ജിസിസി രാജ്യങ്ങള്‍ക്ക് ശേഷം സൗദിയുമായി ഇസ്രായേല്‍ അടുക്കാന്‍ ശ്രമിക്കുന്നു എന്നായിരുന്നു വാര്‍ത്തകള്‍. ചര്‍ച്ചയുടെ കാര്യം സൗദി കിരീടവകാശി ശരിവെക്കുകയും ചെയ്തിരുന്നു.

ഇസ്രായേലിനെതിരെ തിരിഞ്ഞ അറബ് സമൂഹം

ഇസ്രായേല്‍ സൈന്യം ഗാസയില്‍ ആക്രമണം നടത്തി സ്ത്രീകളെയും കുട്ടികളെയും കൊലപ്പെടുത്താന്‍ തുടങ്ങിയതോടെ അറബ് സമൂഹം ഇസ്രായേലിനെതിരെ തിരിഞ്ഞു. എല്ലാ അറബ് രാജ്യങ്ങളിലും പ്രതിഷേധം അലയടിച്ചു. ചില രാജ്യങ്ങളില്‍ ജനം തെരുവിലിറങ്ങി. മറ്റു ചില രാജ്യങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ഉയര്‍ന്നു. ഇതോടെയാണ് സൗദി ചര്‍ച്ചയില്‍ നിന്ന് പിന്നാക്കം പോയത്. ഇസ്രായേലുമായുള്ള ചര്‍ച്ച യുദ്ധത്തിന് ശേഷം പുനരാരംഭിക്കുമെന്നാണ് സൗദി ഭരണകൂടം നല്‍കുന്ന സൂചന.

ഈ വേളയിലാണ് ഗാസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 13000 കടന്നിരിക്കുന്നത്. ഇതോടെ അന്താരാഷ്ട്ര വേദികളിലെല്ലാം പ്രധാന ചര്‍ച്ച പശ്ചിമേഷ്യയാണ്. കഴിഞ്ഞ ദിവസം നടന്ന ബ്രിക്‌സ് യോഗത്തിലും വിഷയം പ്രധാന ചര്‍ച്ചയായി. ഇന്ത്യയും ബ്രസീലും റഷ്യയും ചൈനയും ദക്ഷിണാഫ്രിക്കയും ചേര്‍ന്നതാണ് ബ്രിക്‌സ്. സൗദി അറേബ്യ, റഷ്യ, അര്‍ജന്റീന തുടങ്ങി ഒട്ടേറെ രാജ്യങ്ങള്‍ക്ക് അംഗങ്ങളാകാന്‍ അടുത്തിടെ ക്ഷണം ലഭിച്ചിരുന്നു. ഇന്നലെ ചേര്‍ന്ന ബ്രിക്‌സ് യോഗത്തില്‍ സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പങ്കെടുത്തു.

പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങളില്‍ പരിഹാരം കാണാന്‍ രണ്ടു കാര്യങ്ങള്‍ ചെയ്യണമെന്ന് ബിന്‍ സല്‍മാന്‍ പറഞ്ഞു. ഇസ്രായേലിന് ഒരു രാജ്യവും ആയുധം നല്‍കരുത് എന്നാണ് ബിന്‍ സല്‍മാന്‍ പറഞ്ഞ ആദ്യ കാര്യം. അമേരിക്കയ്ക്ക് കൂടിയുള്ള മുന്നറിയിപ്പാണിത്. ഇസ്രായേലിന് വന്‍തോതില്‍ ആയുധം നല്‍കുന്നത് അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ബ്രിട്ടനുമാണ്. ഇത് അവസാനിപ്പിക്കുകയാണ് ആദ്യം വേണ്ടതെന്ന് ബിന്‍ സല്‍മാന്‍ പറയുന്നു.

1967ലെ അതിര്‍ത്തികള്‍ കണക്കാക്കി സ്വതന്ത്ര പലസ്തീന്‍ രാജ്യം സ്ഥാപിക്കലാണ് പരിഹാരങ്ങള്‍ക്കുള്ള രണ്ടാമത്തെ കാര്യമായി ബിന്‍ സല്‍മാന്‍ പറഞ്ഞത്. ജറുസലേം ആസ്ഥാനമായി പലസ്തീന്‍ രാജ്യം വേണമെന്നത് പലസ്തീന്‍കാരുടെ പ്രധാന ആവശ്യമാണ്. ഇതിനുള്ള പിന്തുണ ആവര്‍ത്തിക്കുകയായിരുന്നു ബിന്‍ സല്‍മാന്‍. എന്നാല്‍ 1967ലെ യുദ്ധത്തില്‍ ജറുസലേം പിടിച്ച ഇസ്രായേല്‍ ഇത് അംഗീകരിക്കില്ല എന്നതാണ് വെല്ലുവിളി. അമേരിക്കയെ കൈവിട്ട് സൗദി ഉള്‍പ്പെടെയുള്ള അറബ് രാജ്യങ്ങള്‍ പ്രശ്‌നപരിഹാരത്തിന് ചൈനയുടെ സഹായം തേടിയിരിക്കുകയാണിപ്പോള്‍.

You May Also Like

More From Author

+ There are no comments

Add yours