ദോഹ: ഏഷ്യൻ കപ്പ് കിരീടം നിലനിർത്തുകയെന്നത് വലിയ വെല്ലുവിളിയാണെന്നും എല്ലാവരുടെയുടെയും പിന്തുണ ആവശ്യമുള്ള സമയമാണെന്നും ഖത്തർ ദേശീയ ഫുട്ബോൾ ടീം പരിശീലകൻ ബർത്തലോം മാർക്വേസ് ലോപസ്(BARTHOLOME MARQUEZ LOPEZ). ഏഷ്യൻ കപ്പിന് മുന്നോടിയായി ജോർഡൻ, കംബോഡിയ ടീമുകൾക്കെതിരെ ഡിസംബർ 31, ജനുവരി 5 തീയതികളിൽ നടക്കുന്ന സന്നാഹമത്സരങ്ങൾ പ്രാധാന്യത്തോടെയാണ് കാണുന്നതെന്നും ലോപസ് ഖത്തർ വാർത്ത ഏജൻസിയോട് പറഞ്ഞു.
ടൂർണമെന്റിന് മുന്നോടിയായി പരിശീലനത്തിലെ അന്തീരക്ഷത്തിലും കളിക്കാരുടെ മാനസികാവസ്ഥയിലും ഏറെ സംതൃപ്തനാണെന്നും ഖത്തറിന്റെ സ്പാനിഷ് പരിശീലകൻ ചൂണ്ടിക്കാട്ടി. ജനുവരി 12 മുതൽ ഫെബ്രുവരി 10 വരെയാണ് ഏഷ്യൻ കപ്പ് ടൂർണമെന്റ്. ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ ലബനാനാണ് ഖത്തറിന്റെ എതിരാളികൾ. 2019ൽ യു.എ.ഇയിൽ നടന്ന ഏഷ്യൻ കപ്പിൽ ജപ്പാനെ തകർത്താണ് ഖത്തർ തങ്ങളുടെ കന്നിക്കിരീടം സ്വന്തമാക്കിയത്.
സമ്മർദത്തിലാണ് എപ്പോഴും ഫുട്ബാൾ കളിക്കുന്നതെന്നും എല്ലാ ടൂർണമെന്റിലും പ്രയാസങ്ങളും വെല്ലുവിളികളും നേരിടുമെന്നും ലോപസ് പറഞ്ഞു.
+ There are no comments
Add yours