200 കോടി ഡോളർ; ഇന്ത്യയിലെ ഫുഡ് പാർക്കുകളിലേക്ക് നിക്ഷേപം നടത്താൻ യു.എ.ഇ

1 min read
Spread the love

യു.എ.ഇ: ഇന്ത്യയിലെ ഫുഡ് പാർക്കുകളിലേക്ക് 200 കോടി ഡോളർ (16,700 കോടി രൂപ) നിക്ഷേപം നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ച് യു.എ.ഇ. മിഡിൽ ഈസ്റ്റിലെയും ദക്ഷിണേഷ്യയിലെയും ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലുടനീളം സംയോജിത ഫുഡ് പാർക്കുകൾ വികസിപ്പിക്കുന്നത്. നാല് രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ I2U2ന് (ഇന്ത്യ, ഇസ്രായേൽ, യു.എ.ഇ, യു.എസ്.എ ) കീഴിലാണ് നിക്ഷേപം നടത്തുന്നത്.

അവശ്യ ചരക്കുകളുടെ നിയമ പ്രകാരം (Essential Commodities Act) ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെക്കുറിച്ചുള്ള ആശങ്കകൾ ഇന്ത്യയും യു.എ.ഇയും പരിഹരിച്ചതിന് പിന്നാലെയാണ് ഈ നിക്ഷേപം നടത്തുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്. ഫുഡ് പാർക്കുകളിൽ ഭക്ഷണം പ്രോസസ്സ് ചെയ്യുകയും അവ നിക്ഷേപക രാജ്യങ്ങളിലേക്ക് കയറ്റിയയക്കുകയും ചെയ്യും. കയറ്റുമതിക്കുള്ള ഈ ചരക്കുകൾക്ക് മേൽ അവശ്യ ചരക്കുകളുടെ നിയമ പ്രകാരം ഏർപ്പെടുത്തിയ ചില നിയന്ത്രണങ്ങൾ ഒഴിവാക്കാനും ഇന്ത്യ സമ്മതിച്ചിട്ടുണ്ട്.

പദ്ധതി പ്രകാരമുള്ള ആദ്യ ഫുഡ് പാർക്ക് ഗുജറാത്തിലെ കണ്ട്‌ലയ്ക്ക് സമീപം സ്ഥാപിച്ചേക്കുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായി കൃഷിക്കും മറ്റുമായി നിക്ഷേപകർ പ്രദേശവാസികളുമായി കരാറിൽ ഏർപ്പെടും. ഇതുമായി ബന്ധപ്പെട്ട വിവിധ അനുമതികൾക്കായി യു.എ.ഇ സംസ്ഥാന സർക്കാരുമായി ചർച്ച നടത്തിവരികയാണ്. അനുമതികൾ ലഭിച്ച ശേഷം നിക്ഷേപം ഘട്ടങ്ങളായി നടത്തും. ഇന്ത്യയിലെ ഫുഡ് പാർക്കുകളിൽ നിക്ഷേപം നടത്തുമെന്ന് 2018ലാണ് യു.എ.ഇ ആദ്യം വാഗ്ദാനം ചെയ്തത്. പിന്നീട് 2022 ജൂലൈയിൽ നടന്ന ലീഡേഴ്സ് ഉച്ചകോടിയിൽ പ്രഖ്യാപിച്ച I2U2ന് കീഴിലേക്ക് ഈ പദ്ധതി എത്തുകയായിരുന്നു.

You May Also Like

More From Author

+ There are no comments

Add yours