ദുബായ്: ജുൺ മുതൽ യുഎഇയിൽ നിലവിൽവന്ന കോർപ്പറേറ്റ് നികുതി ബാധ്യതയുള്ളവർ ആരെല്ലാമാണെന്ന് വ്യക്തമാക്കുന്ന മാർഗരേഖ പുറത്തിറക്കി ഫെഡറൽ ടാക്സ് അതോറിറ്റി.
രാജ്യത്തു വന്നു ജോലി ചെയ്തു വരുമാനം നേടുന്നവർക്കും ബിസിനസ് ചെയ്യുന്നവർക്കും കോർപറേറ്റ് നികുതി ബാധ്യതയുണ്ടോയെന്ന് മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിലുള്ള മാർഗ രേഖയാണ് പുറത്തിറക്കിയിരിക്കുന്നത്. നികുതി നൽകാൻ ബാധ്യതയുള്ള രാജ്യത്തുനിന്ന് വരുമാനം നേടുന്ന ‘നാചുറൽ പേഴ്സൻ’ ആരാണെന്ന് വ്യക്തമായി പറയുന്ന ഗൈഡ് ആണ് അധികൃതർ പുറത്തിറക്കിയിരിക്കുന്നത്.
യുഎഇയിൽ താമസക്കാരായവർക്കും അല്ലാത്തവരുമായ എല്ലാ പ്രായത്തിലുള്ള വ്യക്തികളെയും ഉൾക്കൊള്ളിച്ചാണ് ‘നാചുറൽ പേഴ്സൻ’ എന്ന പ്രയോഗം നടത്തിയിരിക്കുന്നത്. 2024 കലണ്ടർ വർഷം മുതൽ വാർഷിക വരുമാനം 10 ലക്ഷം ദിർഹമിൽ കൂടുതലുള്ള, എല്ലാവരും കോർപറേറ്റ് നികുതിക്ക് രജിസ്ട്രേഷൻ പൂർത്തിയാക്കണം. ഇത് പൂർത്തിയാക്കിയ ശേഷം ഇതിന്റെ രജിസ്റ്റർ നമ്പർ നേടിയിരിക്കണം.
എഫ്.ടി.എ വെബ്സൈറ്റിൽ ഗൈഡ് നൽകിയിട്ടുണ്ട്. അത് അനുസരിച്ച് മാത്രമേ കാര്യങ്ങൾ ചെയ്യാൻ സാധിക്കുകയുള്ളു.രാജ്യത്ത് താമസക്കാരല്ലാത്ത വ്യക്തികൾക്ക് യു.എ.ഇയിൽ സ്ഥിരം സ്ഥാപനമുണ്ടാവുകയും 10 ലക്ഷം ദിർഹമിൽ കൂടുതൽ വരുമാനം ലഭിക്കുകയും ചെയ്താലാണ് നികുതി അടക്കേണ്ടിവരുക.
എന്നാൽ ജോലിയിൽനിന്നുള്ള വരുമാനം, വ്യക്തിപരമായ നിക്ഷേപത്തിൽ നിന്നുള്ള വരുമാനം, റിയൽ എസ്റ്റേറ്റ് നിക്ഷേപ വരുമാനം എന്നിവക്ക് കോർപ്പറേറ്റ് നികുതിയിൽ ഇളവുണ്ട്. കൂടാതെ യുഎഇയിൽ ബിസിനസ് ചെയ്യുന്നവർക്ക് നികുതി എങ്ങനെയാണ് ബാധകമാകുന്നത് എന്ന ചോദ്യത്തിൽ പ്രായോഗിക ഉദാഹരണങ്ങളിലൂടെ വിശദീകരണം ഗെെഡ് നൽകുന്നുണ്ട്.
+ There are no comments
Add yours