വാഷിങ്ടൺ: ഇറാന് മുന്നറിയിപ്പുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ വലിയൊരു പ്രശ്‌നത്തിലാണെന്ന് ട്രംപ് പറഞ്ഞു. ഇറാനിൽ സംഘർഷം തുടരുകയാണെങ്കിൽ ആക്രമണം നടത്തുമെന്ന സൂചനയും ട്രംപ് നൽകി. ഇറാൻ ഗുരുതര പ്രതിസന്ധിയിലാണെന്നും ഡോണൾഡ് ട്രംപ് പറഞ്ഞു. ഒരിക്കലും പിടിച്ചെടുക്കാത്ത ഇറാനിയൻ നഗരങ്ങൾ പോലും ജനങ്ങൾ പിടിച്ചെടുക്കുന്നു. മുമ്പ് ചെയ്തത് പോലെ ആളുകളെ കൊല്ലാൻ അവർ ആരംഭിച്ചാൽ അതിന് അവർക്ക് ശക്തമായ മറുപടി നൽകും. വെടിവെപ്പ് ആദ്യം നിങ്ങൾ തുടങ്ങാതിരിക്കുകയാണ് നല്ലത്. അങ്ങനെ ചെയ്താൽ ഞങ്ങൾ തിരിച്ചടിക്കുമെന്നും ട്രംപ് പറഞ്ഞു.
നേരത്തെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ ഭീഷണിയുമായി ഇറാനിലെ പരമോന്നത നേതാവ് ഖമേനിയും രംഗത്തെത്തി. ട്രംപിനെ അഹങ്കാരിയെ എന്നാണ് ഖമേനി വിശേഷിപ്പിച്ചത്. ഇറാനിലെ ഭരണ വിരുദ്ധ പ്രതിഷേധങ്ങൾക്ക് പിന്നിൽ ട്രംപാണെന്നും അദ്ദേഹത്തെ സ്ഥാനഭ്രഷ്ടമാക്കുമെന്നും ഖമേനി പ്രഖ്യാപിച്ചു. അമേരിക്കയ്ക്ക് എതിരായ നിലപാടിൽ നിന്ന് ഒരു കാരണവശാലും പിൻമാറില്ലെന്നാണ് ഖമേനി വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇറാനിൽ നടക്കുന്ന ജനകീയ പ്രക്ഷോഭങ്ങൾ അടിച്ചമർത്താനാണ് ഭരണകൂടം ശ്രമിക്കുന്നത്.
നിരവധി പേരാണ് പോലീസിന്റെ വെടിയേറ്റ് മരിച്ചത്. ‘സ്വേച്ഛാധിപതിക്ക് മരണം’ എന്നതുൾപ്പെടെയുള്ള മുദ്രാവാക്യങ്ങൾ മുഴക്കിയും ഔദ്യോഗിക കെട്ടിടങ്ങൾക്ക് തീയിട്ടും കൊണ്ടാണ് പ്രക്ഷോഭകർ പ്രതിഷേധം നടത്തുന്നത്. കഴിഞ്ഞ ദിവസം പ്രധാന നഗരങ്ങളിൽ വൻ തോതിലുളള മാർച്ചുകൾ നടത്തിയിരുന്നു. രാജ്യത്ത് അധികൃതർ ഇന്റർനെറ്റ് പൂർണമായി വിഛേദിച്ചിരിക്കുകയാണ്. വ്യാപകമായ പ്രതിഷേധങ്ങളെ അടിച്ചമർത്താനുള്ള ശ്രമത്തിൽ രാജ്യം 12 മണിക്കൂർ ഓഫ്‌ലൈനിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നാലര പതിറ്റാണ്ടിലേറെ നീണ്ട ഇസ്ലാമിക റിപ്പബ്ലിക്കിന്റെ ഭരണത്തിനെതിരെ ഇതുവരെ നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്നാണ് ഈ പ്രകടനങ്ങൾ. മതഭരണകൂടത്തെ പുറത്താക്കണം എന്നാണ് പ്രക്ഷോഭകർ ആവശ്യപ്പെടുന്നത്.
ഈ മാസം മൂന്നാം തീയതി മുതൽ നടക്കുന്ന സമരത്തെ കുറിച്ച് ഖമേനി ആദ്യമായി തന്റെ അഭിപ്രായപ്രകടനം നടത്തിയിരുന്നു. പ്രകടനക്കാരെ അക്രമികളും അട്ടിമറിക്കാരും എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അഹങ്കാരിയായ ഡൊണാൾഡ് ട്രംപിന്റെ കൈകളിൽ ‘ആയിരത്തിലധികം ഇറാൻകാരുടെ രക്തം പുരണ്ടിരിക്കുന്നു’ എന്ന് ഖമേനി പറഞ്ഞു. ഇസ്രായേൽ കഴിഞ്ഞ ജൂണിൽ ഇറാനെതിരെ നടത്തിയ ആക്രമണത്തെ കുറിച്ച് പരാമർശിച്ച ഖമേനി അമേരിക്ക ഇതിനെ പിന്തുണയ്ക്കുകയും ആക്രമണങ്ങളിൽ പങ്ക ചേരുകയും ചെയ്തതായി ഖമേനി ചൂണ്ടിക്കാട്ടി. 1979 ലെ വിപ്ലവം വരെ ഇറാൻ ഭരിച്ച രാജവംശം പോലെ ട്രംപും അധികാരഭ്രഷ്ടനാകുമെന്നും ഖമേനി പ്രഖ്യാപിച്ചു.

+ There are no comments
Add yours