യുഎഇയുടെ ഗതാഗത മേഖലയിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന ഇത്തിഹാദ് റെയിലിന്റെ പാസഞ്ചർ സ്റ്റേഷനുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടു. അബുദാബിയുടെ പടിഞ്ഞാറ് സൗദി അതിർത്തിയായ അൽ സിലയിൽ നിന്ന് തുടങ്ങി കിഴക്ക് ഫുജൈറയിൽ ഒമാൻ അതിർത്തിയിൽ അവസാനിക്കുന്ന രീതിയിലാണ് പാത ക്രമീകരിച്ചിരിക്കുന്നത്. ഫുജൈറയിലെ സകംകം ആണ് അവസാന സ്റ്റേഷൻ. മരുഭൂമി. തീരദേശം സാംസ്കാരിക കേന്ദ്രങ്ങൾ. പുതുതായി വികസിച്ചുവരുന്ന നഗരങ്ങൾ എന്നിവയിലൂടെയാണ് ട്രെയിൻ കടന്നുപോകുന്നത്.
പ്രധാന സ്റ്റേഷനുകളും പ്രത്യേകതകളും ഏതൊക്കെയെന്ന് അറിയാം
- അൽ സില സ്റ്റേഷൻ: യുഎഇയുടെ അതിർത്തിയിലാണ് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.
സൗദിയും യുഎഇയും അതിർത്തി പങ്കിടുന്ന ഈ പ്രദേശം അബുദാബിയിലെ അൽ ദഫ്ര മേഖലയിലാണ് ഉൾപ്പെടുന്നത്. ജിസിസി റെയിൽ പാത യാഥാർഥ്യമാകുമ്പോൾ സൗദിയും യുഎഇയും തമ്മിലുള്ള റെയിൽ ബന്ധം ഈ അതിർത്തി വഴിയായിരിക്കും. തീരപ്രദേശമായ അൽ സിലയിൽ നിലവിൽ 12.000 മാത്രമാണ് ജനസംഖ്യ. ഗുവെയ്ഫത്ത് പട്ടണമാണ് ഇവിടുത്തെ ഏറ്റവും വലിയ പ്രദേശം. വിനോദസഞ്ചാര സാധ്യതയേറെയുള്ള ഈ പ്രദേശം റെയിൽ ഗതാഗതം വരുന്നതോടെ വിനോദസഞ്ചാര സിരാകേന്ദ്രമായി മാറുമെന്നാണ് പ്രതീക്ഷ. - അൽ ദന്നാഹ്: മുൻപ് റുവെയ്സ് എന്നറിയപ്പെട്ടിരുന്ന ഒന്നാഹ് ഒരു മത്സ്യബന്ധന ഗ്രാമമായിരുന്നു. അബുദാബിയിൽ നിന്ന് 250 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം ഇപ്പോൾ രാജ്യത്തെ വളർന്നുവരുന്ന നഗരമാണ്. അബുദാബി നാഷനൽ ഓയിൽ കമ്പനിയുടെ (അഡനോക്) പ്രധാന ഇന്ധന വ്യവസായശാല ഇവിടെയാണ് പ്രവർത്തിക്കുന്നത്.
- അൽ മിർഫ: ഒരുകാലത്ത് മുത്തും പവിഴവും വാരിയെടുക്കുന്നവരുടെയും
മത്സ്യത്തൊഴിലാളികളുടെയും കേന്ദ്രമായിരുന്ന മിർഫ ഇന്ന് മനോഹരമായ പാർപ്പിട മേഖലയാണ്. അബുദാബിയുടെ ‘പരമ രഹസ്യ ബീച്ച് എന്നറിയപ്പെടുന്ന മിർഫാ ബീച്ച് ജലവിനോദങ്ങളുടെ പ്രധാന വേദിയാണ്. പടിഞ്ഞാറ് നിന്ന് കിഴക്കേ ദിശയിലേക്കാണ് റെയിൽ പാളമെങ്കിലും ഉൾപ്രദേശത്തുള്ള രണ്ട് പട്ടണങ്ങളെ ബന്ധിപ്പിക്കുന്നതിനായി അൽ മിർഫയിൽ നിന്ന് തെക്കോട്ട് ഒരു പാത കൂടി നിർമ്മിച്ചിട്ടുണ്ട്. - മദീനത്ത് സായിദ്: നേരെയുള്ള റെയിൽ പാതയിൽ നിന്ന് തെക്കോട്ടു മാറി ഉള്ളിലേക്കുള്ള രണ്ട് സ്റ്റേഷനുകളിൽ ഒന്നാണിത്. വർഷം തോറും നടക്കുന്ന അൽ ദഫ്ര ഉത്സവത്തിന്റെ പ്രധാന കേന്ദ്രമാണിത്. അബുദാബിയിൽ നിന്ന് 180 കിലോമീറ്റർ അകലെയാണ് ഈ പട്ടണം
- മെസായിറ: ലിവയ്ക്ക് അടുത്തുള്ള പ്രദേശമായ മെസായിറ തെക്കൻ പാതയിലെ രണ്ടാം സ്റ്റേഷനാണ്. മെസായി കോട്ട ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. മരുഭൂമിയിലെ വാഹന ഓട്ടത്തിനും (ഡ്യൂൺ ബാഷിങ്) ഒട്ടക സവാരിക്കും പക്ഷി നിരീക്ഷണത്തിനും ക്യാമ്പുകൾക്കും പേരുകേട്ടതാണ് ഈ സാംസ്കാരിക നഗരം.
- അബുദാബി: രാജ്യ തലസ്ഥാനത്തെ റെയിൽവേ സ്റ്റേഷൻ മുഹമ്മദ് ബിൻ സായിദ് സിറ്റിയിൽ മുസഫയ്ക്ക് അടുത്തായാണ് സ്ഥിതി ചെയ്യുന്നത്. മസ്യാദ് മാൾ, ഡെൽമാ മാൾ എന്നിവയും ചെലവു കുറഞ്ഞ പാർപ്പിട മേഖലയും ഇതിന് സമീപമുണ്ട്.
- അൽ ഫായ: അബുദാബിക്കും ദുബൈക്കും ഇടയിലാണ് ഈ സ്റ്റേഷൻ. ഇതൊരു കണ്ടെയ്നർ
തുറമുഖ മേഖലയാണ്. - ദുബൈ: ജുമൈറ ഗോൾഫ് എസ്റ്റേറ്റിലാണ് ദുബൈയിലെ റെയിൽവേ സ്റ്റേഷൻ വരുന്നത്. ഇതിന് സമീപത്തായി മെട്രോ സ്റ്റേഷനുമുണ്ട്.
- യൂണിവേഴ്സിറ്റി നഗരം: ഷാർജയിലെ യൂണിവേഴ്സിറ്റി നഗരമാണ് അടുത്ത സ്റ്റേഷൻ. ആയിരക്കണക്കിന് വിദ്യാർഥികൾക്ക് ഈ സ്റ്റേഷൻ വലിയ ആശ്വാസമാകും.
- അൽ ദായിദ്: ഷാർജയിൽ തന്നെ ഈന്തപ്പന കൃഷിക്ക് പേരുകേട്ട പ്രദേശമാണിത്. ഹജർ പർവത നിരകൾക്ക് അടുത്തുള്ള ഈ നഗരം വെള്ളിയാഴ്ച ചന്തയ്ക്കും ഒട്ടക ഓട്ടത്തിനും
പ്രസിദ്ധമാണ്. - സകംകം: ഫുജൈറ നഗരത്തിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെയാണ് ഈ സ്റ്റേഷൻ. ചരിത്ര സ്മാരകങ്ങൾക്ക് സമീപമാണ് അവസാന സ്റ്റേഷനായ സകംകം സ്ഥിതി ചെയ്യുന്നത്.

+ There are no comments
Add yours