ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഹോളിവുഡ് താരം വിൽ സ്മിത്ത് എത്തും

1 min read
Spread the love

ഹോളിവുഡ് താരം വിൽ സ്മിത്ത് ഇപ്രാവശ്യത്തെ ഷാർജ രാജ്യാന്തര പുസ്തകമേളയുടെ (എസ്ഐബിഎഫ്) മുഖ്യ ആകർഷണമാകും. നവംബർ 14ന് രാത്രി എട്ടിന് മേളയുടെ പ്രധാന വേദിയായ ബാൾറൂമിൽ നടക്കുന്ന തത്സമയ ചർച്ചയിൽ അദ്ദേഹം പങ്കെടുക്കും. രാജ്യാന്തര പുസ്തകമേളയിൽ പ്രത്യേക അതിഥിയായി ചലച്ചിത്രരംഗത്തെ ഇതിഹാസവും ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പുസ്തകങ്ങളുടെ രചയിതാവും മികച്ച സംരംഭകനുമായ വിൽ സ്മിത്ത് പങ്കെടുക്കുന്ന ആദ്യ പരിപാടിയാണിത്.

എഴുത്ത്, സിനിമ, സംഗീതം, ബിസിനസ് എന്നീ മേഖലകളിൽ താൻ നടത്തിയ അവിശ്വസനീയമായ യാത്രകളെക്കുറിച്ചും വിജയങ്ങൾ നേടിയതിലെ സ്ഥിരോത്സാഹത്തെക്കുറിച്ചും കലാപരമായ വളർച്ചയെക്കുറിച്ചുമുള്ള ഉൾക്കാഴ്ചകൾ ആസ്വാദകരുമായി അദ്ദേഹം പങ്കുവയ്ക്കും.

മാർക്ക് മാൻസണുമായി ചേർന്നെഴുതിയ, നിരൂപക പ്രശംസ നേടിയ അദ്ദേഹത്തിന്റെ ആത്മകഥയായ ‘വിൽ’, വന്ന വഴികളെക്കുറിച്ചും സിനിമാജീവിതത്തെക്കുറിച്ചുമുള്ള ആഴത്തിലുള്ള ഉൾക്കാഴ്ചകൾ നൽകുന്നു.

കൂടാതെ, തന്റെ പ്രശസ്തമായ ഗാനങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ആഘോഷിക്കുന്ന ‘ജസ്റ്റ് ദ് ടു ഓഫ് അസ്’ എന്ന ബാലസാഹിത്യ കൃതിയും അദ്ദേഹം രചിച്ചിട്ടുണ്ട്. ‘കിങ് റിച്ചഡ്’ എന്ന ചിത്രത്തിലെ അഭിനയത്തിന് ഓസ്‌കാർ അവാർഡ് നേടിയ വിൽ സ്മിത്ത്, ‘അലി’, ‘ദ് പർസ്യൂട്ട് ഓഫ് ഹാപ്പിനസ്’ എന്നീ ചിത്രങ്ങൾക്കും ഓസ്‌കാർ നാമനിർദ്ദേശങ്ങൾ നേടിയിരുന്നു. നാല് ഗ്രാമി അവാർഡുകൾ നേടിയ അദ്ദേഹം, സിനിമ, സംഗീതം, സംരംഭകത്വം തുടങ്ങിയ വിവിധ മേഖലകളിലെ തന്റെ പാരമ്പര്യം സ്ഥാപിച്ചിരിക്കുന്നു.

ഷാർജ ബുക്ക് അതോറിറ്റി (എസ്ബിഎ) സംഘടിപ്പിക്കുന്ന 44-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ ഇന്ത്യയടക്കം 118 രാജ്യങ്ങളിൽ നിന്നുള്ള 2,350 പ്രസാധകരും പ്രദർശകരും പങ്കെടുക്കും. പ്രമുഖ എഴുത്തുകാർ, ബുദ്ധിജീവികൾ, കലാകാരന്മാർ എന്നിവർ പങ്കെടുക്കുന്ന 1,200ൽ അധികം പരിപാടികൾ മേളയിൽ ഉണ്ടാകും.

You May Also Like

More From Author

+ There are no comments

Add yours