വാഷിംങ്ടൺ: ഹമാസിന് മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമാധാന കരാറിൽ തീരുമാനം വൈകുന്നത് പൊറുക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. സമാധാന കരാർ വേഗത്തിൽ അംഗീകരിക്കണമെന്നും ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഹമാസിനോട് യുദ്ധം നിർത്തി ആയുധം താഴെവയ്ക്കാൻ ട്രംപ് മുന്നറിയിപ്പ് നൽകി.
‘ബന്ദികളുടെ മോചനത്തിനും സമാധാന കരാർ പൂർത്തീകരിക്കുന്നതിനുമായി ഇസ്രയേൽ താൽക്കാലികമായി ആക്രമണം നിർത്തിവച്ചതിൽ ഞാൻ നന്ദിയുള്ളവനാണ്. ഹമാസ് എത്രയും പെട്ടെന്ന് തീരുമാനം കൈക്കൊള്ളണം. കാലതാമസം വരുത്തുന്നത് ഞാൻ അനുവദിക്കില്ല. ഗാസയ്ക്ക് വീണ്ടും ഭീഷണി ഉയർത്തുന്ന യാതാന്നും ഞാൻ അനുവദിക്കില്ല. ഇത് വേഗത്തിൽ പൂർത്തിയാക്കാം. എല്ലാവരോടും നീതിപൂർവ്വം പെരുമാറും.’- അദ്ദേഹം ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
അതേസമയം, ഗാസയിൽ ട്രംപിന്റെ വെടിനിർത്തൽ ആഹ്വാനം അവഗണിച്ച് ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 24 മണിക്കൂറിനിടെ 70 പേർ കൊല്ലപ്പെട്ടു. ഗാസ സിറ്റി യുദ്ധ ഭൂമി തന്നെയാണെന്നാണ് സൈന്യത്തിന്റെ പ്രതികരണം. ഒഴിഞ്ഞുപോകാൻ ജനങ്ങൾക്ക് നിർദേശം നൽകി. ചർച്ചകൾ അവസാനിപ്പിച്ച് ബന്ദികളെ ഉടൻ മോചിപ്പിക്കണമെന്ന് ഹമാസിനോട് ട്രംപ് ആവശ്യപ്പെട്ടിട്ടുണ്ട്.

+ There are no comments
Add yours