പച്ചത്തുരുത്തായി മാറുന്ന മരുഭൂമി; അബുദാബിയിൽ നാലുകോടിയിലേറെ കണ്ടൽത്തൈകൾ നട്ടു

1 min read
Spread the love

അബുദാബി : കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനായി 2020 മുതൽ ഇതുവരെയായി അബുദാബിയിൽ 4.4 കോടി കണ്ടൽത്തൈകൾ നട്ടതായി അബുദാബി പരിസ്ഥിതി ഏജൻസി (ഇ.എ.ഡി.) അധികൃതർ പറഞ്ഞു. അബുദാബി മാൻഗ്രൂവ് ഇനീഷിയേറ്റിവിന്റെ (എ.ഡി.എം.ഐ.) ഭാഗമായി മുനിസിപ്പാലിറ്റി ഗതാഗതവകുപ്പ്, അഡ്‌നോക് എന്നിവ സംയുക്തമായി കഴിഞ്ഞ രണ്ടുവർഷത്തിനുള്ളിൽ 2.3 കോടി കണ്ടൽത്തൈകൾ നട്ടിരുന്നു.അടുത്ത ആറുവർഷത്തിനുള്ളിൽ 10 കോടി കണ്ടൽത്തൈകൾ വെച്ചുപിടിപ്പിക്കാനാണ് യു.എ.ഇ. ലക്ഷ്യമിടുന്നത്. പ്രതിവർഷം ഏകദേശം 2,33,000 ടൺ കാർബൺ പുറന്തള്ളൽ കുറയ്ക്കാൻ കണ്ടൽവനങ്ങൾ സഹായകരമാകും.

കാലാവസ്ഥാ വ്യതിയാനങ്ങൾ ചെറുക്കുന്ന സംരംഭങ്ങളെ പിന്തുണയ്ക്കാനും കണ്ടൽക്കാടുകളുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുന്നതിനുമുതകുന്ന ഒട്ടേറെ പ്രവർത്തനങ്ങളാണ് ഇ.എ.ഡി. നടപ്പാക്കുന്നത്.

യു.എ.ഇ. രാഷ്ട്രപിതാവായ ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ നിർദേശപ്രകാരം 1970 – കളിലാണ് രാജ്യത്ത് കണ്ടൽതൈകൾ വെച്ചുപിടിപ്പിക്കാൻ തുടങ്ങിയത്. വിത്തുനടൽ, മുളപ്പിക്കൽ, തൈയുടെ വളർച്ച തുടങ്ങിയവ അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയാണ് നിരീക്ഷിക്കുന്നത്.

പരമ്പരാഗത കൃഷി രീതിയിൽനിന്ന് വ്യത്യസ്‌തമായി ഡ്രോണുകൾ ഉപയോഗിച്ചും എമിറേറ്റിൽ കണ്ടൽ വിത്തുകൾ പാകുന്നുണ്ട്. ഉൾപ്രേദേശങ്ങളിൽ വിത്തുകൾ പാകാൻ ഈ രീതി തികച്ചും ഫലപ്രദമാണെന്നും ചെലവും അധ്വാനവും കുറവാണെന്നുമാണ് വിലയിരുത്തൽ.

കാർബൺ പുറന്തള്ളൽ നിയന്ത്രിച്ചും സമുദ്രജീവികൾക്ക് മികച്ച ആവാസവ്യവസ്‌ഥ ഒരുക്കിയും കാലാവസ്ഥാ വ്യതിയാനത്തിനെതിരേ ശക്തമായ ചെറുത്തുനിൽപ്പാണ് കണ്ടൽക്കാടുകൾ നടത്തുന്നത്.

You May Also Like

More From Author

+ There are no comments

Add yours