ഇസ്രയേലിനെതിരായ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഗാസയിൽ ഹമാസിനെതിരെ പ്രതിഷേധിച്ച് പലസ്തീനികൾ. വടക്കൻ ഗാസയിലെ ബെയ്റ്റ് ലാഹിയയിൽ നൂറിലധികം പേർ പ്രതിഷേധത്തിൽ പങ്കെടുത്തു. ഹമാസ് വിരുദ്ധ മുദ്യാവാക്യങ്ങളാണ് പ്രതിഷേധത്തിലുണ്ടായത്. യുദ്ധത്തിൽ ഗാസയിലെ ഏറ്റവും കൂടുതൽ നാശനഷ്ടങ്ങൾ സംഭവിച്ച പ്രദേശങ്ങളിലൊന്നാണ് വടക്കൻ ഗാസ. ജനസാന്ദ്രതയുള്ള ഇവിടെ മിക്ക കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. സംഘർഷത്തിൽ നിന്ന് രക്ഷപ്പെടാൻ ജനസംഖ്യയിൽ ഭൂരിഭാഗവും പലതവണ താമസം മാറേണ്ടിയും വന്നു.
ഭൂരിഭാഗം പുരുഷന്മാരടങ്ങുന്ന വലിയ ആൾകൂട്ടമാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്. ഹമാസ് പുറത്തു പോകുക, യുദ്ധം അവസാനിപ്പിക്കുക, പലസ്തീനിലെ കുട്ടികൾ ജീവിക്കാൻ ആഗ്രഹിക്കുന്നു എന്നിങ്ങനെയുള്ള മുദ്യാവാക്യങ്ങളും പ്ലക്കാർഡുകളുമാണ് പ്രതിഷേധക്കാർ ഉയർത്തിയത്. രണ്ടു മാസത്തെ വെടിനിർത്തലിന് ശേഷം കഴിഞ്ഞാഴ്ച ഇസ്രയേൽ സേന ഗാസയിൽ ആക്രമണം പുനരാരംഭിച്ചതിന് ശേഷമാണ് പ്രതിഷേധം ഉയർന്നത്.
മുഖംമൂടി ധരിച്ച ആയുധധാരികളായ ഹമാസ് സൈനിക വിഭാഗം തോക്കുകളും ലാത്തിയുമായി പ്രതിഷേധത്തെ നേരിട്ടതായും റിപ്പോർട്ടുണ്ട്. സിവിലിയൻ വേഷത്തിലെത്തിയ ഹമാസ് ഉദ്യോഗസ്ഥർ പ്രകടനത്തെ പിരിച്ചുവിടാൻ ശ്രമിച്ചതായി പേര് വെളിപ്പെടുതാത്ത ഒരു പ്രതിഷേധക്കാരൻ എഎഫ്പിയോട് പറഞ്ഞു.
ജനങ്ങൾ നിരാശരാണ്, ഹമാസ് ഗാസയിലെ അധികാരം ഒഴിയുന്നതാണ് പരിഹാരമെങ്കിൽ എന്തുകൊണ്ടാണ് ഹമാസ് അധികാരം വിട്ട് ജനങ്ങളെ സംരക്ഷിക്കാത്തത്? എന്ന് പ്രതിഷേധക്കാരിലൊരാളായ മജ്‍ദി പറഞ്ഞു. അമേരിക്ക, ഇസ്രായേൽ, ഹമാസ് എന്നിവയുൾപ്പെടെ മുഴുവൻ ലോകത്തോടും ജനങ്ങൾക്ക് ദേഷ്യമുണ്ട്. ഹമാസ് ഈ സാഹചര്യം പരിഹരിക്കണമെന്ന് മറ്റൊരു പ്രതിഷേധക്കാരൻ ആവശ്യപ്പെട്ടു.
17 മാസത്തിലധികമായി തുടരുന്ന ഇസ്രയേൽ– ഹമാസ് യുദ്ധം കഴിഞ്ഞാഴ്ചയാണ് പുനരാരംഭിച്ചത്. രണ്ടു മാസം നീണ്ട വെടിനിർത്തലിനിടെ ബന്ദി മോചനത്തിൽ സമ്മർദ്ദം ചെലുത്താൻ മാർച്ച് രണ്ടിന് ഗാസയിലേക്കുള്ള സഹായം ഇസ്രയേൽ തടഞ്ഞതാണ് പ്രതിസന്ധിയുണ്ടാക്കിയത്. പിന്നീട് ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 792 പേർ മരിച്ചെന്നാണ് ആരോഗ്യ മന്ത്രാലയത്തിൻറെ കണക്ക്. ഇതുവരെ ഇസ്രയേൽ ഗാസയിൽ നടത്തിയ ആക്രമണങ്ങളിൽ 50,000 ത്തിലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ട്.
+ There are no comments
Add yours