ദുബായ്: ഗ്രീൻലാൻഡിലെ ഹിമാനികളിൽ നിന്ന് കൊത്തിയെടുത്ത ലോകത്തിലെ ഏറ്റവും ശുദ്ധമായ ഐസ്, 20,000 കിലോമീറ്റർ താണ്ടി ദുബായിലെ പാനീയങ്ങളിൽ ഇടം നേടുന്നു. ഗ്രീൻലാൻഡിൽ 100,000ലധികം വർഷംകൊണ്ട് രൂപംകൊണ്ട ഹിമാനികളിൽ നിന്ന് നിർമിക്കുന്ന ഐസ് വൈകാതെ ദുബായിൽ എല്ലായിടത്തും ലഭ്യമാകും.
ആറ് ക്യൂബുകൾക്ക് 249 ദിർഹം (5,923 രൂപ) ആണ് വില.ഹിമാനിയിൽ നിന്ന് വേർപെട്ട 22 ടൺ ഭാരമുള്ള കട്ടയിൽ നിന്ന് ഐസ് ഉത്പാദിപ്പിക്കുന്നത് അൽ ഖുവോസിലെ നാച്ചുറൽ ഐസ് ഫാക്ടറിയിലാണ്.
കഴിഞ്ഞ വർഷം ജനുവരിയിലാണ് ഐസ് കട്ട ദുബായിൽ എത്തിച്ചത്. ഇതിന്റെ റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെ ശുദ്ധമായ ഐസിനുള്ള ആവശ്യം ഉയർന്നതായി ഫാക്ടറിയുടെ സഹ ഉടമയായ അഹമ്മദ് അൽ മസ്രൂയി പറഞ്ഞു.ആകാശ നിറമുള്ള ത്രികോണാകൃതിയിലുള്ള പെട്ടിയിൽ എത്തിച്ച ആർട്ടിക് ഐസ് ക്യൂബുകളുടെ പാക്കേജിംഗും വ്യത്യസ്തമാണ്.
പാക്കേജിംഗിനായി ഏകദേശം ഒരു വർഷം ചെലവഴിച്ചതായി ആർട്ടിക് ഐസ് ചെയർമാൻ സമീർ ബെൻ തബീബ് പറഞ്ഞു. ഐസിന് പ്രത്യേകമായി രുചിയില്ലെന്നും സമീർ വ്യക്തമാക്കി. താൻ സഞ്ചരിക്കുകയായിരുന്ന ബോട്ട് ഒരു ഐസ് കട്ടയിൽ ഇടിച്ചതാണ് ഗ്രീൻലാൻഡിൽ നിന്ന് ഐസ് എത്തിക്കുകയെന്ന ആശയത്തിലേയ്ക്ക് എത്തിച്ചത്.
ഹിമാനി വളരെ ശുദ്ധമായിരുന്നതിനാൽ കപ്പിത്താന് അത് കാണാൻ കഴിഞ്ഞില്ല. അങ്ങനെയാണ് ഹിമാനിയിൽ നിന്ന് ഐസ് ഉത്പാദിപ്പിക്കുകയെന്ന് ആശയമുദിക്കുന്നത്. ഇതിലൂടെ കൂടുതൽ സുരക്ഷിതമായി ഉപഭോക്താക്കൾക്ക് ഐസ് ഉപയോഗിക്കാം. മികച്ച ബിസിനസ് ആശയമാണിതെന്നും അദ്ദേഹം പറഞ്ഞു.
+ There are no comments
Add yours