ഹജ്ജ് ഉംറ സേവന നിയമലംഘനം; 5 ലക്ഷം റിയാൽ പിഴ മുതൽ ശക്തമായ ശിക്ഷ ലഭിക്കും

0 min read
Spread the love

ജിദ്ദ: തീർഥാടകർക്ക് ലഭ്യമാക്കേണ്ട സേവനങ്ങൾ സംബന്ധിച്ച കരട് നിയമം സൗദി ഹജ്ജ് ഉംറ മന്ത്രാലയം പുറത്തിറക്കി. തീർഥാടകരുടെ അവകാശങ്ങളും കമ്പനികൾ ലഭ്യമാക്കേണ്ട സേവനങ്ങളും പരിഷ്‌കരിക്കുന്നതാണ് പുതിയ കരട്.

പൊതുജനാഭിപ്രായവും വിദഗ്ധ നിർദേശങ്ങളും തേടിയ ശേഷം കരട് നിയമമാക്കും. ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 90 ദിവസത്തിന് ശേഷമായിരിക്കും പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരിക.

തീർഥാടകർക്ക് നൽകുന്ന സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റം. നിരവധി പുതിയ നിർദ്ദേശങ്ങളും ചട്ടങ്ങളും പരിഷ്‌കരിച്ച കരട് നിയമത്തിൽ ഉൾപ്പെടുന്നു. വ്യവസ്ഥകൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ ശക്തമായ ശിക്ഷാ നടപടികൾ സ്വീകരിക്കാൻ പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.

മന്ത്രാലയത്തിൽ നിന്നുളള ലൈസൻസ് നേടാതെ പ്രവർത്തിക്കുന്ന സർവീസ് സ്ഥാപനങ്ങൾക്ക് 5 ലക്ഷം റിയാൽ പിഴ ചുമത്തും. കുറ്റം ആവർത്തിക്കുന്നവർക്ക് പിഴ ഇരട്ടിയാകും. കൂടാതെ വിദേശികളാണെങ്കിൽ നാട് കടത്തുകയും ചെയ്യും.

നിയമ ലംഘനം നടത്തുന്ന കമ്പനികൾക്ക് മുന്നറിയിപ്പു നൽകുക, പിഴ ചുമത്തുക, ലൈസൻസ് റദ്ദ് ചെയ്യുക, താൽക്കാലികമായി പ്രവർത്തനം നിർത്തിവെപ്പിക്കുക തുടങ്ങിയ നിർദേശങ്ങളും ശിക്ഷ നടപടികളിൽ ഉൾപ്പെടും.

ഹജ്ജ് മന്ത്രാലയത്തിൽ നിന്നും ബന്ധപ്പെട്ട ഡിപ്പാർട്ടുമെന്റുകളിൽ നിന്നും മുൻകൂട്ടി അനുമതി നേടാതെ തന്നെ സ്വീകരിക്കാവുന്ന ശക്തമായ ശിക്ഷ നടപടികളും പുതിയ നിയമാവലി വ്യവസ്ഥ ചെയ്യുന്നുണ്ട്.

You May Also Like

More From Author

+ There are no comments

Add yours