ദുബായ്: ദുബായ് അൽഫയ് സ്ട്രീറ്റ് വികസിപ്പിക്കുന്നതിന് 150 കോടി ദിർഹമിൻറെ കരാർ നൽകി ദുബായ് റോഡ് ഗതാഗത അതോറിറ്റി (RTA). പദ്ധതി പൂർത്തിയാകുന്നതോടെ മണിക്കൂറിൽ 64,400 വാഹനങ്ങളെ ഉൾകൊള്ളാനുള്ള ശേഷി സ്ട്രീറ്ററിന് കൈവരും.
അഞ്ച് ജംഗ്ഷനുകളുടെ വികസനമാണ് പ്രധാനമായും പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിനായി 13,500 മീറ്റർ പാലങ്ങളും 12,900 മീറ്റർ റോഡുകളും നിർമിക്കും. ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിനോട് ചേരുന്ന കവലയിൽ നിന്ന് ആരംഭിച്ച്, ഷെയ്ഖ് സായിദ് ബിൻ ഹംദാൻ ആൽ നഹ്യാൻ സ്ട്രീറ്റിലൂടെ കടന്നുവന്ന് എമിറേറ്റ്സ് റോഡിലേക്ക് നീളുന്നതാണ് പദ്ധതി പ്രദേശം. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യ ഘട്ടം 2027ലും രണ്ടാം ഘട്ടം 2028ലും പൂർത്തിയാക്കും.
ദുബായ് സ്പോർട്സ് സിറ്റി, ജുമൈറ വില്ലേജ് സർക്കിൾ, ദുബൈ പ്രൊഡക്ഷൻ സിറ്റി, ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ്, തിലാൽ അൽ ഗാഫ്, ദമാക് ലഗൂൺസ്, ദി ഒയാസിസ്, റെംറാം എന്നിവയുൾപ്പെടെ വിവിധ റസിഡൻഷ്യൽ, ഡെവലപ്മെൻറ് മേഖലകൾക്ക് പദ്ധതി ഉപകാരപ്പെടുമെന്ന് ആർ.ടി.എ ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പറഞ്ഞു.
അൽ ഖൈൽ റോഡിൻറെയും ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൻറെയും കവലയിൽ രണ്ട് വരി പാലം ഉൾപ്പെടുന്നതാണ് വികസിപ്പിക്കുന്ന കവലകളിലൊന്ന്. 1,255 മീറ്റർ നീളമുള്ള ഈ പാലത്തിൽ മണിക്കൂറിൽ 3,200 വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയും. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡുമായി ബന്ധിപ്പിക്കുന്ന, ജുമൈറ വില്ലേജ് സർക്കിളിലേക്കും പുറത്തേക്കും നേരിട്ടുള്ള ഗതാഗതം സുഗമമാക്കുന്ന 2,040 മീറ്റർ നീളവും മണിക്കൂറിൽ 6,400 വാഹനങ്ങളുടെ ശേഷിയുമുള്ള രണ്ട് പാലങ്ങളും പദ്ധതിയിൽ നിർമ്മിക്കും.
+ There are no comments
Add yours