അബുദാബി: അബുദാബിയിലെ സ്കൂളുകളിലും കാൻറീനുകളിലും ജങ്ക് ഫുഡ് നിരോധിച്ചു. വിദ്യാർഥികളിൽ ആരോഗ്യകരമായ ഭക്ഷണ ശീലങ്ങൾ വളർത്തുന്നതിനായി കർശന നിയമങ്ങൾ ഏർപ്പെടുത്തി.
വിദ്യാർഥികൾക്കും ജീവനക്കാർക്കും സ്കൂളുകൾ ആരോഗ്യകരവും പോഷക സമൃദ്ധവുമായ ഭക്ഷണം നൽകണം. ഭക്ഷ്യ സേവനരംഗത്തുള്ളവർ അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (Adek) അനുശാസിക്കുന്ന ലൈസൻസുകൾ നേടുകയും നിർദേശങ്ങൾ പരിപാലിക്കുകയും വേണം.
സ്കൂളുകൾ ലഘുഭക്ഷണ/ഭക്ഷണ സമയങ്ങളിൽ വിദ്യാർഥികളെ സജീവമായി നിരീക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് 2024/25 അധ്യയന വർഷത്തിൽ വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ പുതിയ നയം ആവശ്യപ്പെടുന്നു.
പുതിയ നയപ്രകാരം അധികൃതർ ചെയ്യേണ്ട പ്രധാന കാര്യങ്ങൾ:
- വിദ്യാർഥികൾ സ്വീകാര്യമായ ഭക്ഷണങ്ങൾ കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക, മറ്റ് വിദ്യാർഥികളെ ദോഷകരമായി ബാധിക്കുന്ന അലർജിയുള്ള ഭക്ഷണ പദാർഥങ്ങൾ കൊണ്ടുവരുന്നില്ലെന്ന് ഉറപ്പാക്കുക
- എല്ലാ വിദ്യാർഥികൾക്കും എല്ലാ ദിവസവും ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക (ഉപവാസമില്ലെങ്കിൽ)
- ഭക്ഷണവുമായി ബന്ധപ്പെട്ട പെരുമാറ്റത്തെക്കുറിച്ച് ജാഗ്രത പാലിക്കുക, ഭക്ഷണത്തിന്റെ പേരിലുള്ള ഉപദ്രവങ്ങളും ഭീഷണിപ്പെടുത്തലുകളും തടയുക
- മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, പന്നിയിറച്ചി, അലർജിയുണ്ടാക്കുന്ന ഭക്ഷണങ്ങൾ എന്നിവ പോലുള്ള ഭക്ഷ്യവസ്തുക്കൾ നിരോധിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക
- അലർജിയുണ്ടാക്കുന്ന സുരക്ഷിതമല്ലാത്ത ഭക്ഷ്യവസ്തുക്കൾ വ്യക്തിഗത ഉപഭോഗത്തിനോ സ്കൂൾ പരിസരത്ത് വിതരണം ചെയ്യുന്നതിനോ അനുവാദം നൽകുന്നില്ലെന്ന് സ്കൂൾ ഉറപ്പാക്കണം
- ഭക്ഷണ നിയന്ത്രണങ്ങൾ ഉൾപ്പെടെ ആരോഗ്യകരവും സമീകൃതവുമായ ഭക്ഷണത്തെക്കുറിച്ചുള്ള മാർഗനിർദേശങ്ങൾ സ്കൂളുകൾ രക്ഷിതാക്കളുമായി പങ്കിടണം
ഈ മാർഗനിർദേശങ്ങളിൽ വറവ് സാധനങ്ങൾ പോലെയുള്ള “അനാരോഗ്യകരമായ” ഭക്ഷണങ്ങൾ ഒഴിവാക്കണമെന്ന കാര്യം ഉൾപ്പെടുത്തണം.പൊണ്ണത്തടി, ഉയർന്ന കൊളസ്ട്രോൾ, ടൈപ്പ് 2 പ്രമേഹം തുടങ്ങിയ ദീർഘകാല ആരോഗ്യപ്രശ്നങ്ങൾക്ക് ഈ ഭക്ഷ്യവസ്തുക്കൾ കാരണമാകും.
കാമ്പസിലെ ഭക്ഷണ സേവനങ്ങൾ
കാമ്പസിനുള്ളിൽ ഭക്ഷണ സേവനങ്ങൾ നൽകുമ്പോൾ സ്കൂളുകൾ സർക്കാരിൻറെ ഭക്ഷ്യ സുരക്ഷാ ചട്ടങ്ങൾ പാലിക്കേണ്ടതുണ്ട്. അബുദാബി പബ്ലിക് ഹെൽത്ത് സെൻററും (ADPHC) മറ്റ് ബന്ധപ്പെട്ട സ്ഥാപനങ്ങളും നടത്തുന്ന പരിശീലനത്തിൽ അധ്യാപകരും കാൻറീന് ജീവനക്കാരും പങ്കെടുക്കണം.
- സ്കൂൾ സമയങ്ങളിൽ പുറമെ നിന്നുള്ള ഭക്ഷണ വിതരണ സേവനങ്ങൾ നിരോധിക്കേണ്ടതാണ്.
പ്രത്യേക പരിഗണനകൾ
- സ്കൂളുകൾ ന്യൂനപക്ഷ വിഭാഗങ്ങളുടെ മതപരവും സാംസ്കാരികവും ധാർമികവുമായ ആവശ്യങ്ങളെ മാനിക്കുകയും ഭക്ഷണ സേവനങ്ങൾ, ഭക്ഷണ ലേബലിംഗ് എന്നിവയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ അവരെ ഉൾപ്പെടുത്തുകയും വേണം.
- അബുദാബി ഫുഡ് സേഫ്റ്റി റെഗുലേഷൻസ് നിർദേശിച്ച മാർഗനിർദേശങ്ങൾ പാലിച്ച്, അലർജിയുള്ള വിദ്യാർഥികളെ പിന്തുണയ്ക്കുന്നതിന് സ്കൂളുകൾ നടപടികൾ കൈക്കൊള്ളണം:
- വിദ്യാർഥികളുടെ ഭക്ഷണ അലർജികളുടെ രേഖകൾ സൂക്ഷിക്കുക, ഈ രേഖകൾ സ്കൂൾ കാൻറീനിൽ ലഭ്യമാണെന്ന് ഉറപ്പാക്കുക.
- സ്കൂൾ നൽകുന്ന ഭക്ഷണത്തിൽ ഏതെങ്കിലും അലർജിയുണ്ടാക്കുന്ന ഘടകങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം ഭക്ഷണ ലേബലുകളിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കുക.
- അലർജി കണക്കിലെടുത്ത് ഭക്ഷണവും പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുക.
- കുട്ടിക്ക് അലർജിയുണ്ടെങ്കിൽ ഉടൻ തന്നെ സ്കൂളിൽ അറിയിക്കാനും ആവശ്യമായ മരുന്നുകൾ നൽകാനും രക്ഷിതാക്കളോട് ആവശ്യപ്പെടുക.
- കഠിനമായ അലർജി പ്രതിപ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള വ്യക്തമായ നടപടിക്രമങ്ങൾ രൂപപ്പെടുത്തുക
- അലർജി നിയന്ത്രിക്കാൻ ആവശ്യമായ മരുന്നുകൾ ശരിയായി ലേബൽ ചെയ്ത് സൂക്ഷിക്കുക
+ There are no comments
Add yours