ദുബായ്: നമ്പർ പ്ലേറ്റുകൾക്കായുള്ള 117-ാമത് ഓപ്പൺ ലേലത്തിൽ 81 ദശലക്ഷം ദിർഹത്തിൻറെ റെക്കോർഡ് വരുമാനം നേടി ദുബായ് റോഡ്സ് ആന്റ് ട്രാൻസ്പോർട്ട് അതോറിറ്റി.
വാഹന ഉടമകൾക്ക് അവരുടെ ജീവിതത്തിലെ നാഴികക്കല്ലുകളെയോ ചിഹ്നങ്ങളെയോ മൂല്യവത്തായ സംഭവങ്ങളെയോ പ്രതിനിധീകരിക്കുന്ന നമ്പർ പ്ലേറ്റുകൾ തെരഞ്ഞെടുക്കാനുള്ള അവസരമാണ് ദുബായിൽ ആർടിഎ, നമ്പർപ്ലേറ്റ് ലേലത്തിലൂടെ ഒരുക്കുന്നത്.
കോടികളാണ് ഇതുവഴി RTA വർഷാവർഷം സമാഹരിക്കുന്നത്. വേറിട്ട നമ്പറുകൾ വിൽക്കാൻ ആർടിഎ സംഘടിപ്പിച്ച ലേലത്തിൽ സമാഹരിച്ചത് 81.17 ദശലക്ഷം ദിർഹമാണ്.
ലേലത്തിൽ BB 55 എന്ന നമ്പറിലുള്ള പ്ലേറ്റിനാണ് ഏറ്റവും ഉയർന്ന തുക ലഭിച്ചത്. വാശിയേറിയ ലേലത്തിൽ BB 55 ലേലം കൊണ്ടത് 6.3 ദശലക്ഷം ദിർഹത്തിനാണ്. AA 21 എന്ന പ്ലേറ്റ് 6.16 മില്യൺ ദിർഹത്തിനും BB 100 പ്ലേറ്റ് 5 മില്യൺ ദിർഹത്തിനും , BB 11111 എന്ന പ്ലേറ്റ് 4.21 മില്യൺ ദിർഹത്തിനുമാണ് ലേലത്തിൽ പോയത്. AA, BB, K, O, T, U, V, W, X, Y, Z എന്നീ കോഡുകളിലായി രണ്ട്, മൂന്ന്, നാല്, അഞ്ച് അക്കങ്ങൾ ഉൾക്കൊള്ളുന്ന 90 പ്രീമിയം നമ്പർ പ്ലേറ്റുകളാണ് ആർടിഎ ലേലത്തിൽ വെച്ചത്.
+ There are no comments
Add yours