ദുബായിൽ രണ്ട് പുതിയ മേൽപ്പാലങ്ങൾ കൂടി; 70 ശതമാനം വരെ യാത്രക്കാർക്ക് സമയലാഭം

1 min read
Spread the love

ദുബായ്: രണ്ട് പ്രധാന പാലങ്ങൾ ഇന്ന് തുറന്നതോടെ ദുബായ് റോഡുകളിലൂടെയുള്ള ഗതാഗതം കൂടുതൽ എളുപ്പമായി. ഗർൻ അൽ സബ്ഖ- ശെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ് ഇൻറർസെക്ഷൻ വിപുലീകരണ പദ്ധതിയുടെ ഭാഗമായി രണ്ട് മേൽപ്പാലങ്ങൾ കൂടി തുറന്നതോടെ തിരക്കേറിയ സമയങ്ങളിൽ ഇതുവഴിയുള്ള ഗതാഗതത്തിൽ 40 മുതൽ 70 വരെ ശതമാനം സമയലാഭം പ്രതീക്ഷിക്കുന്നതായി ദുബായ് റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു.

മണിക്കൂറിൽ 3,200 വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ശേഷിയുള്ള 601 മീറ്റർ നീളമുള്ള രണ്ട് വരിപ്പാലമാണ് പുതുതായി തുറന്ന പാലങ്ങളിലൊന്ന്. ഗർൻ അൽ സബ്ഖാ സ്ട്രീറ്റിൽ നിന്ന് വടക്കോട്ട് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിലേക്കും കിഴക്കോട്ട് അൽ ഖുസൈസിലേയ്ക്കും ദെയ്റയിലേക്കുമുള്ള ഗതാഗതം ഇത് എളുപ്പമാക്കും.

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ നിന്ന് തെക്കോട്ട് അൽ യലായിസ് സ്ട്രീറ്റിലേക്കും ജബൽ അലി തുറമുഖത്തേക്കും വരുന്ന വാഹനങ്ങൾക്കായി 664 മീറ്റർ നീളമുള്ള രണ്ട് വരിപ്പാലമാണ് രണ്ടാമത്തേത്. മണിക്കൂറിൽ 3,200 വാഹനങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഗർൻ അൽ സബ്ഖാ സ്ട്രീറ്റിനെ അൽ അസയേൽ സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന അവസാന പാലം കൂടി അടുത്ത മാസം തുറക്കുന്നതോടെ ഇൻറർസെക്ഷൻ വിപുലീകരണവുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളും പൂർത്തിയാകുമെന്ന് ആർടിഎ അറിയിച്ചു. 943 മീറ്റർ നീളമുള്ള ഈ പാലത്തിൽ ഓരോ ദിശയിലും രണ്ട് വീതം പാതകളാണുള്ളത്. മണിക്കൂറിൽ 8,000 വാഹനങ്ങൾ കൈകാര്യം ചെയ്യാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഈ പാലം ഷെയ്ഖ് സായിദ് റോഡിനും ശെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡിനുമിടയിൽ തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കും.

You May Also Like

More From Author

+ There are no comments

Add yours