ദുബായ്: സമ്മാനപ്പെരുമഴയും സംഗീതവിരുന്നുകളുമായി 29-ാമത് ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന് (DSF) ഇന്ന് തുടക്കം. ഡിസംബർ എട്ട് മുതൽ ജനുവരി 14 വരെ 38 ദിവസം ആഘോഷം നീണ്ടുനിൽക്കുമെന്ന് സംഘാടകരായ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ് (DFRE) അറിയിച്ചു. ദുബായ് ലൈറ്റ്സിന്റെ മൂന്നാം പതിപ്പിനും ഇത്തവണത്തെ ഡി.എസ്.എഫ്. വേദിയൊരുക്കും.
പ്രത്യേക ഡ്രോൺഷോകളും ലൈറ്റ് ആർട്ട് ഇൻസ്റ്റലേഷനുകളും കൊണ്ട് അതിമനോഹര ആഘോഷക്കാഴ്ചകളായിരിക്കും ദുബായിൽ ഇനിയുള്ള ദിവസങ്ങളിൽ അരങ്ങേറുക. ഇമറാത്ത് പെട്രോളിയം അവതരിപ്പിക്കുന്ന ദുബായ് ലൈറ്റ്സ് ഡ്രോൺഷോ ആദ്യദിനം നടക്കും. അത്യാധുനിക ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് ദ ബീച്ച്, ജെ.ബി.ആർ, ബ്ലൂ വാട്ടേഴ്സ് എന്നിവിടങ്ങളിലായിരിക്കും രാത്രി എട്ടിനും 10-നും ആകർഷകക്കാഴ്ച ഒരുക്കുക. ഡി.എസ്.എഫ് അവസാനിക്കുന്ന ദിവസംവരെ ഓരോ രാത്രിയിലും ഡ്രോൺഷോകളുണ്ടാകും. ഏകദേശം 800 ഡ്രോണുകളായിരിക്കും കാഴ്ചക്കാരെ വിസ്മയിപ്പിക്കാൻ പറന്നുയരുക.
ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ റീട്ടെയിൽ ഫെസ്റ്റിവലായാണ് ഡി.എസ്.എഫിനെ കണക്കാക്കുന്നത്. ഷോപ്പിങ് ഫെസ്റ്റിവലിന്റെ സമയത്ത് എല്ലാദിവസവും ആവേശകരമായ പരിപാടികൾ കാണികൾക്ക് അനുഭവിക്കാനാവും. അറബ് ലോകത്തെ പ്രമുഖരായ അഹ്ലം അൽ ഷംസി, അസ്സലാ നസ്റി എന്നിവർ നയിക്കുന്ന സംഗീതരാവ് ഇത്തവണ സന്ദർശകർക്ക് ആസ്വദിക്കാം. ഈ മാസം 15-ന് രാത്രി കൊക്കോകോള അരീനയിലാണ് ഇവരുടെ സംഗീതവിരുന്ന്.
കൂടാതെ അന്താരാഷ്ട്രതലത്തിലും പ്രാദേശികമായും അറിയപ്പെടുന്ന സംഗീതജ്ഞർ ഒരുക്കുന്ന സംഗീതവിരുന്നുമുണ്ടാകും. ബാസ്കറ്റ് ബോൾ മത്സരങ്ങൾ, എക്സ്ക്ലൂസീവ് ഷോപ്പിങ്, വിവിധ ഇൻസ്റ്റലേഷനുകൾ, കരിമരുന്ന് പ്രയോഗം എന്നിവയും സംഘടിപ്പിക്കുന്നുണ്ട്. ഫാഷൻ ഉത്പന്നങ്ങളും ഇലക്ട്രോണിക്സ് മുതൽ ഗൃഹോപകരണങ്ങളും ഭക്ഷണവും വരെ മികച്ച വിലക്കിഴിവോടെ ലഭ്യമാകും. സന്ദർശകർക്ക് കാറുകൾ, സ്വർണ്ണം, പണം തുടങ്ങിയ സമ്മാനങ്ങളും ദിവസേനയുള്ള സമ്മാന നറുക്കെടുപ്പുകളും ഗെയിമുകളും വിനോദപരിപാടികളും ഉണ്ടാകും. 1996-ലാണ് ഡി.എസ്.എഫ്. ആദ്യമായി സംഘടിപ്പിച്ചത്.
+ There are no comments
Add yours