കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽ മരണസംഖ്യ ഉയരുന്നു. 50തിനോടടുത്ത് ആളുകൾ മരിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.
25 പേർ മലയാളികളായിരിക്കാം എന്നാണ് ആദ്യ സൂചന. ഇതിൽ ഒൻപതു മലയാളികളെ തിരിച്ചറിഞ്ഞു.
പന്തളം സ്വദേശി ആകാശ് എസ്.നായർ (23), കൊല്ലം പൂയപ്പള്ളി സ്വദേശി ഉമറുദ്ദീൻ ഷമീർ (33), കാസർകോട് ചെർക്കള സ്വദേശി രഞ്ജിത് കുണ്ടടുക്കം, പത്തനംതിട്ട വാഴമുട്ടം സ്വദേശി പി.വി.മുരളീധരൻ, കോട്ടയം പാമ്പാടി സ്വദേശി സ്റ്റെഫിൻ എബ്രഹാം സാബു (29), കൊല്ലം വെളിച്ചിക്കാല ലൂക്കോസ്(48), കോന്നി അട്ടച്ചാക്കൽ സജു വർഗീസ് (56), കൊല്ലം പുനലൂർ നരിക്കൽ സ്വദേശി സാജൻ ജോർജ്, കാസർകോട് തൃക്കരിപ്പൂർ സ്വദേശി പി.കുഞ്ഞിക്കേളു(58) എന്നിവരെയാണ് തിരിച്ചറിഞ്ഞത്. മറ്റുള്ളവരുടെ വിവരങ്ങൾ പുറത്തുവരുന്നതേയുള്ളൂ.
മരിച്ച ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി ധനസഹായം പ്രഖ്യാപിച്ചു. പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും രണ്ടു ലക്ഷം രൂപ വീതമാണ് അനുവദിക്കുക.
പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത നിലയിലാണ്. അപകടം മലയാളി ഉടമയായ എൻബിടിസിയുടെ കമ്പനിയുടെ ക്യാംപിലാണ് തീപിടിത്തമുണ്ടായത്.പരിക്കേറ്റ 46 പേരാണ് നിലവിൽ ചികിത്സിയിലുള്ളത്.
അതേസമയം, കമ്പനിക്കെതിരെ കുവൈത്ത് സർക്കാർ നിയമ നടപടി ആരംഭിച്ചു. ഇതിനിടെ രക്ഷാപ്രവർത്തനം ഉൾപ്പെട ഏകോപിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നത തല യോഗം ചേർന്നു.
ബുധനാഴ്ച പ്രാദേശിക സമയം പുലർച്ചെ നാലരയോടെയാണ് തീപിടിത്തമുണ്ടായത്. മംഗഫ് ബ്ലോക്ക് നാലിൽ എൻബിടിസി കമ്പനിയുടെ തൊഴിലാളികളുടെ ക്യാംപിലാണ് തീപിടുത്തുമുണ്ടായത്.വിദേശത്ത് നിന്നെത്തുന്ന തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന മേഖലയാണിത്. 195 പേർ കെട്ടിടത്തിലുണ്ടായിരുന്നവെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം.
തീപിടിത്തമുണ്ടായ സമയത്ത് ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. താഴത്തെ നിലയിൽ നിന്ന് തീ മുകളിലേക്ക് പടരുകയായിരുന്നു. ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചത് അപകടത്തിൻറെ വ്യാപ്തി കൂട്ടി. രക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും വിഷപ്പുക ശ്വസിച്ചാണ് പലരും മരിച്ചത്.
കെട്ടിടത്തിൻറെ താഴെയുള്ള ഗ്രൗണ്ട് പാസേജ് അടച്ചിരിക്കുകയായിരുന്നു. ഇത് രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. കെട്ടിടത്തിൽ നിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ച പലർക്കും സാരമായി പരിക്കേറ്റു. കെട്ടിട ഉടമയുടെ ആർത്തിയാണ് വൻ അപകടത്തിലേക്ക് നയിച്ചതെന്ന് സംഭവ സ്ഥലം സന്ദർശിച്ച കുവൈത്ത് ഉപപ്രധാനമന്ത്രി പ്രതികരിച്ചു.
16 മൃതദേഹങ്ങൾ തിരിച്ചറിയാൻ പറ്റാത്ത സ്ഥിതിയിലാണ്. ഇവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന വേണ്ടിവരുമെന്നാണ് അധികൃതർ അറിയിക്കുന്നത്.
കുവൈത്തിലെ ദുരന്തത്തിൽ എൻബിടിസി കമ്പനി അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തിന് ഇരയായവരുടെ കുടുംബത്തിന് എല്ലാ സഹായവും നൽകുമെന്നും ചികിത്സയിൽ കഴിയുന്നവരുടെ നില തൃപ്തികരമെന്നും കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു.
എൻബിടിസി കമ്പനിയുടെ തൊഴിലാളി ക്യാംപിലാണ് തീപിടിത്തമുണ്ടായത്. മലയാളിയായ കെ എം എബ്രഹാമിൻറെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് എൻബിടിസി.
കുവൈത്തിലെ ദുരന്തത്തിൽ ഖത്തർ ഭരണകൂടവും അനുശോചനം അറിയിച്ചു. ഖത്തർ അമീർ കുവൈത്ത് അമീറിന് സന്ദേശം അയച്ചു.
+ There are no comments
Add yours