ദുബായിൽ വച്ചുണ്ടായ വാഹനാപകടത്തിൽ മലയാളിയായ 5 വയസ്സുക്കാരി കൊല്ലപ്പെട്ടു. എമിറേറ്റ്സ് എയർലൈൻസ് ജീവനക്കാരനായ പത്തനംതിട്ട അടൂർ മണക്കാല സ്വദേശി ജോബിൻ ബാബു വർഗീസിന്റെയും സോബിൻ ജോബിന്റെയും മകൾ നയോമി ജോബിനാണ്(5) മരിച്ചത്. ഷാർജ ഇന്ത്യൻ സ്കൂളിലെ കെ.ജി വൺ വിദ്യാർത്ഥിയാണ്.
നാട്ടിൽ നിന്ന് അവധി കഴിഞ്ഞ് തിരികെ വരുന്നതിനിടെയാണ് ജോബിനെയും കുടുംബത്തെയും കണ്ണീരിലാഴ്ത്തി കൊണ്ട് മകൾ വിട പറഞ്ഞത്. വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ദുബായ് വിമാനത്താവളത്തിൽ ഇറങ്ങിയ ശേഷം ഷാർജ നബ്ബയിലെ താമസ സ്ഥലത്തേക്ക് വരുന്ന വഴി ദുബായ് റാഷിദിയ്യയിൽ വെച്ച് ഇവർ സഞ്ചരിച്ചിരുന്ന കാറിന്റെ ടയർ പൊട്ടിത്തെറിച്ചു.
തുടർന്ന് നിയന്ത്രണം നഷ്ടമായ വാഹനം മറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ദുബായ് പൊലീസ് ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു
നയോമിയുടെ മൃതദേഹം നടപടി ക്രമങ്ങൾക്ക് ശേഷം ജബൽ അലിയിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
+ There are no comments
Add yours