ക്രിസ്‌മസ് പുതുവർഷം – ഈ മാസം 44 ലക്ഷം യാത്രക്കാർ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും

1 min read
Spread the love

ദുബായ് : ക്രിസ്‌മസും പുതുവർഷവും പ്രമാണിച്ച് ഈ മാസം 31-നുള്ളിൽ 44 ലക്ഷം യാത്രക്കാർ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും. വിമാനത്താവള അധികൃതർ അറിയിച്ചതാണിത്. ഈ ദിവസങ്ങളിൽ പ്രതിദിന യാത്രക്കാരുടെ എണ്ണം 2,58,000 വരെയാകുമെന്നാണ് കണക്കുകൂട്ടൽ. ക്രിസ്‌മസിന്‌ മുമ്പുള്ള വെള്ളിയാഴ്ച മാത്രം 2,79,000 ആളുകളാണ് വിമാനത്താവളത്തിലേക്കെത്തുക.

എമിറേറ്റിൽ ശൈത്യകാല ആഘോഷങ്ങൾ ആരംഭിച്ചതോടെ വർഷാവസാനത്തിലെ രണ്ടു വാരാന്ത്യങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടമാണ് പ്രതീക്ഷിക്കുന്നത്. ഈ മാസം 22 മുതൽ 24 വരെയും 29 മുതൽ 31 വരെയുള്ള വാരാന്ത്യങ്ങളിലായി അഞ്ചുലക്ഷം യാത്രക്കാരെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് വിമാനത്താവള അധികൃതർ.

അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കെത്തുന്ന യാത്രക്കാർക്ക് മികച്ച സ്വീകരണം നൽകുന്നതിനായി ദുബായ് ഒന്ന്, രണ്ട്, മൂന്ന് ടെർമിനലുകൾ ഒരുങ്ങിക്കഴിഞ്ഞു. ഉത്സവസീസണിന്റെ ഭാഗമായി യാത്രക്കാർക്ക് മിഠായികളും സമ്മാനങ്ങളും നൽകും.

ഉത്സവസീസണിൽ മികച്ച യാത്രാനുഭവങ്ങൾ നൽകുന്നതിനായി വിവിധ രാജ്യങ്ങളിലേക്കുള്ള വിമാനസർവീസുകൾ വർധിപ്പിച്ചതായി ദുബായ് വിമാനത്താവളങ്ങളുടെ ടെർമിനൽ ഓപ്പറേഷൻസ് സീനിയർ വൈസ് പ്രസിഡന്റ് എസ്സ അൽ ഷംസി പറഞ്ഞു.

സ്കൂളുകളിലെ ശൈത്യകാല അവധി, ക്രിസ്‌മസ്‌, പുതുവർഷം എന്നിവയെല്ലാം കണക്കിലെടുത്ത് ആവശ്യമായ ക്രമീകരണങ്ങൾ നടത്തിയിട്ടുണ്ടെന്നും അവർ പറഞ്ഞു.

You May Also Like

More From Author

+ There are no comments

Add yours