അബുദാബി; ഇന്ത്യൻ പ്രധാനമന്ത്രിക്ക് അതിഗംഭിരമായ വരവേൽപ്പ് നൽകാൻ ഒരുങ്ങുകയാണ് അബുദാബി. ആകർഷകമായ പ്രകടനങ്ങൾ ഉൾപ്പെടെയുള്ള ഗംഭീര സ്വീകരണം ആസൂത്രണം ചെയ്തിട്ടുണ്ട്.
‘അഹ്‌ലൻ മോദി’ എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഏറ്റവും വലിയ ഇന്ത്യൻ കമ്മ്യൂണിറ്റി ഉച്ചകോടിയായി ആസൂത്രണം ചെയ്യുകയാണെന്നും ഫെബ്രുവരി 13 ന് നടക്കുമെന്നും സംഘാടകർ അറിയിച്ചു.
അബുദാബിയിലെ ആദ്യത്തെ പരമ്പരാഗത ശിലാക്ഷേത്രമായ BAPS ഹിന്ദു മന്ദിറിന്റെ ഉദ്ഘാടനവും പ്രധാനമന്ത്രി നിർവഹിക്കും. ഫെബ്രുവരി 14 ന്, ഏറെക്കാലമായി കാത്തിരിക്കുന്ന ക്ഷേത്രത്തിന്റെ ഉദ്ഘാടനം അതുല്യമായ ഉത്സവമാക്കാൻ ഒരുങ്ങുകയാണ് അബുദാബി.
സായിദ് സ്‌പോർട്‌സ് സിറ്റി സ്‌റ്റേഡിയത്തിൽ നടക്കുന്ന ഗംഭീര സ്വീകരണത്തിൽ 400-ലധികം കലാകാരന്മാർ പങ്കെടുക്കുന്ന പ്രകടനങ്ങളിലൂടെ വളർന്നുവരുന്ന യുഎഇ-ഇന്ത്യ ബന്ധവും സമ്പന്നമായ സംസ്‌കാരവും പൈതൃകവും ‘അഹ്‌ലൻ മോദി’ ഉയർത്തിക്കാട്ടും.
യു.എ.ഇയുമായുള്ള ഇന്ത്യയുടെ ഭാവി പദ്ധതികളെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യൻ പ്രവാസ സമൂഹത്തോട് പ്രസംഗിക്കും. യുഎഇയിലെ 150-ലധികം ഇന്ത്യൻ കമ്മ്യൂണിറ്റി സംഘടനകളുടെ സഹകരണത്തോടെയാണ് പരിപാടി.
പരിപാടിയുടെ സൗജന്യ രജിസ്ട്രേഷൻ www.ahlanmodi.ae വഴി നടത്താം. ഏഴ് എമിറേറ്റുകളിൽ നിന്നും സൗജന്യ വാഹന സൗകര്യം ഏർപ്പെടുത്തും. കൂടുതൽ സഹായത്തിന്, WhatsApp ഹെൽപ്പ് ലൈൻ +971 56 385 8065 ലഭ്യമാണ്.
+ There are no comments
Add yours