ഖത്തർ: വിസ നടപടികൾ ലളിതമാക്കിയതും ടൂറിസം കാഴ്ചകളും കൂടുതൽ സന്ദർശകരെ ഖത്തറിലേക്ക് ആകർഷിക്കുന്നു. ഈ വർഷം ആദ്യമാണ് ഹയാ പോർട്ടൽ നവീകരിച്ച് ഇ-വിസ നടപടികൾ ഖത്തർ ലളിതമാക്കിയത്. കഴിഞ്ഞ വർഷത്തെ ഫിഫ ലോകകപ്പിന്റെ ആതിഥേയത്വത്തിന്റെ ഭാഗമായി രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങളിൽ വലിയ വികസനം നടത്തിയതും ലോകകപ്പിന്റെ മികച്ച സംഘാടന വിജയവും ആഗോള തലത്തിലുള്ള സന്ദർശകർക്ക് ഖത്തറിനെക്കുറിച്ചുള്ള മതിപ്പ് വർധിക്കാൻ ഇടയാക്കിയതാണ് സന്ദർശകരുടെ എണ്ണം കൂട്ടുന്നത്.
ഈ വർഷം ആദ്യ 11 മാസത്തിനിടെ 35.3 ലക്ഷം സന്ദർശകരാണ് രാജ്യത്തെത്തിയതെന്ന് ഖത്തർ ടൂറിസം വകുപ്പ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഹയാ പോർട്ടൽ മുഖേന സന്ദർശക വിസ നടപടികൾ ലളിതമാക്കുകയും 24 മണിക്കൂറിനുള്ളിൽ തന്നെ വിസ അനുവദിക്കാൻ തുടങ്ങിയതുമാണ് രാജ്യത്തിന്റെ വിനോദ സഞ്ചാര മേഖലയുടെ ത്വരിത വളർച്ചയ്ക്ക് വഴിതെളിച്ചത്. ഇന്ത്യ ഉൾപ്പെടെ 101 രാജ്യങ്ങൾക്ക് വിസ രഹിത പ്രവേശനവും മറ്റ് രാജ്യങ്ങൾക്കായി ഹയാ ഇ-വിസയും ലഭ്യമാണ്. കഴിഞ്ഞ ദിവസം ലോകകപ്പ് ആരാധകർക്ക് ഏർപ്പെടുത്തിയ ഹയാ വിസകളുടെ കാലാവധി 2024 ഫെബ്രുവരി 24 വരെ നീട്ടിയതിനാൽ ഇനിയുള്ള മാസങ്ങളിലും ഖത്തറിന്റെ ശൈത്യകാല കാഴ്ചകളിലേക്ക് എത്തുന്ന സന്ദർശകരുടെ എണ്ണം വർധിക്കും.
ഇ-വിസ അപേക്ഷാ നടപടികൾ എളുപ്പമാക്കിയത് മാത്രമല്ല ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ ഇമിഗ്രേഷൻ നടപടികൾ സുഗമമാക്കിയതും സന്ദർശകർക്ക് ആശ്വാസകരമാണ്. 18 വയസ്സിന് മുകളിൽ പ്രായമുള്ള സന്ദർശകർക്കും ഇ-ഗേറ്റ് പ്രവേശനം അനുവദിക്കുന്നുണ്ട് എന്നതിനാൽ ഇമിഗ്രേഷനിലെ നീണ്ട ക്യൂവിൽ സമയം കളയേണ്ടതുമില്ല. കപ്പൽ ടൂറിസം സീസൺ പുരോഗമിക്കുന്നതിനാൽ തുറമുഖത്തെ ഗ്രാൻഡ് ക്രൂസ് ടെർമിനലിൽ ആഡംബര കപ്പലുകളുടെയും സഞ്ചാരികളുടെയും തിരക്കേറി തുടങ്ങി. ഏപ്രിൽ 25ന് അവസാനിക്കുന്ന സീസണിലേക്ക് 3 ലക്ഷം സഞ്ചാരികളെയാണ് ഖത്തർ ടൂറിസം പ്രതീക്ഷിക്കുന്നത്. ഹയാ പോർട്ടലിലൂടെ രാജ്യത്തെ കായിക പരിപാടികളിലേക്കുള്ള പ്രവേശനവും ഉറപ്പാക്കാം.
+ There are no comments
Add yours