റിയാദ്: 2034 ലെ ഫിഫ ലോകകപ്പ് ഫുട്ബോളിനുള്ള പ്രധാന വേദികളിലൊരെണ്ണം റിയാദിലെ ഖിദ്ദിയ്യ അമീർ മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയമായിരിക്കും. ഖിദ്ദിയ്യ ഇൻവെസ്റ്റ്മെൻറ് കമ്പനി മാനേജിങ് ഡയറക്ടർ അബ്ദുല്ല ബിൻ നാസർ അൽ ദാവൂദാണ് ഇക്കാര്യം വ്യക്തമാക്കിയത്.
തുവൈഖ് പർവത നിരകൾക്കിടയിൽ അതി മനോഹരമായി കിടക്കുന്ന അമീർ മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയം ഫുട്ബോൾ ലോകത്ത് കൂടുതൽ സുന്ദരമാകാൻ പോവുകയാണെന്ന് ഇത് സംബന്ധിച്ച പ്രസ്താവനയിൽ അബ്ദുല്ല ബിൻ നാസർ പറഞ്ഞു.
അമീർ മുഹമ്മദ് ബിൻ സൽമാൻ സ്റ്റേഡിയത്തിന്റെ പ്രവൃത്തികൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ലോകോത്തര രൂപകൽപനക്കും നൂതന സാങ്കേതികവിദ്യക്കും പുറമേ ലോകോത്തര വിനോദവും കായികമത്സരങ്ങളും സംഘടിപ്പിക്കാൻ കഴിയുന്ന വിധത്തിലാണ് സ്റ്റേഡിയം നിർമിക്കുക. അൽനസ്ർ, അൽഹിലാൽ ക്ലബുകളുടെ ഹോം സ്റ്റേഡിയമാക്കി ഖിദ്ദിയ്യ സ്റ്റേഡിയത്തെ മാറ്റാനും പദ്ധതികളുണ്ട്.
നിരവധി പ്രധാന പ്രാദേശിക, അന്തർദേശീയ ഫുട്ബോൾ മത്സരങ്ങൾക്ക് ഈ സ്റ്റേഡിയം ആതിഥേയത്വം വഹിക്കും. മാത്രമല്ല രാജ്യത്തെ, അല്ലെങ്കിൽ ലോകത്തിലെ തന്നെ ഏറ്റവും മികച്ച കായിക ഇനങ്ങളിലേതും സംഘടിപ്പിക്കാവുന്ന രീതിയിലാണ് സ്റ്റേഡിയം പണി കഴിപ്പിക്കുന്നത്.
റഗ്ബി, ബോക്സിങ്, മിശ്ര ആയോധന മത്സരങ്ങൾ, ഇ-സ്പോർട്സ് ടൂർണമെന്റുകൾ, പ്രധാന പ്രദർശനങ്ങൾ, സംഗീത മേളകൾ പോലുള്ള ഏത് പരിപാടിക്കും വേദിയാക്കാൻ കഴിയും വിധം മിനിറ്റുകൾക്കുള്ളിൽ സ്റ്റേഡിയത്തെ മാറ്റാൻ സാധിക്കും. സാങ്കേതികവിദ്യകൾ ഉപയോഗിച്ച് മടക്കാവുന്നതും നീക്കം ചെയ്യാവുന്നതുമായ ഫ്ലോർ, സീലിങ്, മുകൾ മതിൽ എന്നിവ ഉൾപ്പെടുന്നതാണ് സ്റ്റേഡിയത്തിന്റെ രൂപരേഖ.
+ There are no comments
Add yours